മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് 91: ജന്മദിനാശംസയുമായി നേതാക്കൾ
text_fields
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ജന്മദിനത്തിൽ ആശംസയുമായി നേതാക്കൾ. യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞനായ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ചൊവ്വാഴ്ചയാണ് മൻ മാഹൻ സിങ്ങിന് 91 വയസ്സ് തികഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന് ആശംസകൾ നേർന്നു. ‘മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ജിക്ക് ജന്മദിനാശംസകൾ നേരുന്നു.
അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു’ എന്ന് എക്‌സിൽ മോദി പോസ്റ്റ് ചെയ്തു. കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധിയും രാഷ്ട്രനിർമാണത്തിന് മൻമോഹൻ സിംഗ് നൽകിയ സംഭാവനകളെ അഭിനന്ദിച്ചു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ജിയുടെ സമഗ്രതയും രാഷ്ട്രനിർമ്മാണത്തിലും ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിലുമുള്ള അചഞ്ചലമായ പ്രതിബദ്ധതയും തനിക്ക് എന്നും പ്രചോദനമായിരിക്കുമെന്ന് രാഹുൽഗാന്ധി എക്‌സിലെ പോസ്റ്റിൽ പറഞ്ഞു.
കോൺഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വഡേരയും ആശംസകൾ നേർന്നു. ഒരു നേതാവെന്ന നിലയിൽ, രാഷ്ട്രീയത്തിൽ ക്ഷമയുടെയും വിനയത്തിന്റെയും മൂല്യം അദ്ദേഹം തങ്ങൾക്ക് കാണിച്ചുതന്നു. ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ, അദ്ദേഹത്തിന്റെ സത്യസന്ധതയും ധൈര്യവും കാഴ്ചപ്പാടും വിവേകവും രാജ്യത്തിന് ആത്മവിശ്വാസത്തോടെയും അഭിമാനത്തോടെയും 21ആം നൂറ്റാണ്ടിലേക്ക് മുന്നേറാൻ വഴിയൊരുക്കി. ഇന്ത്യയുടെ സാമ്പത്തിക പരിഷ്കാരങ്ങളുടെ ശില്പി എന്നാണ് മൻമോഹൻ സിങ്ങിനെ കോൺഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.