തെലങ്കാനയിലെ മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ കോൺഗ്രസിൽ നിന്ന് രാജിവെച്ചു
text_fieldsഹൈദരാബാദ്: തെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നിൽക്കെ കോൺഗ്രസിൽ നിന്ന് രാജി പ്രഖ്യാപിച്ച് തെലങ്കാനയിലെ മുതിർന്ന നേതാവ് പൊന്നല ലക്ഷ്മയ്യ. "അന്യായമായ അന്തരീക്ഷം" ചൂണ്ടിക്കാട്ടിയാണ് മുൻ പി.സി.സി അധ്യക്ഷനായ പൊന്നല ലക്ഷ്മയ്യ മല്ലികാർജുൻ ഖാർഗെക്ക് രാജിക്കത്തയച്ചത്. തെലങ്കാനയിൽ നിന്നുള്ള 50 പിന്നാക്ക വിഭാഗത്തിലെ നേതാക്കൾ പിന്നോക്ക വിഭാഗങ്ങൾക്ക് മുൻഗണന നൽകണമെന്ന ആവശ്യവുമായി ഡൽഹിയിൽ എത്തിയപ്പോൾ എ.ഐ.സി.സി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിഷേധിച്ചത് സംസ്ഥാനത്തിന് നാണക്കേടാണെന്നും പൊന്നല കത്തിൽ ആരോപിച്ചു.
“പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള എന്റെ തീരുമാനം ഹൃദയഭാരത്തോടെയാണ് പ്രഖ്യാപിക്കുന്നത്. ഇത്തരമൊരു അന്യായമായ ചുറ്റുപാടിൽ ഇനി തുടരാൻ കഴിയില്ലെന്ന് തോന്നുന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു. വർഷങ്ങളായി വിവിധ പാർട്ടി സ്ഥാനങ്ങളിൽ എന്നെ പിന്തുണച്ച എല്ലാവരോടും ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു”-അദ്ദേഹം കത്തിൽ പറഞ്ഞു.
കോൺഗ്രസ് പാർട്ടി അതിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിൽ നിന്ന് മാറുന്നുവെന്നും പാർട്ടിക്കുള്ളിലെ കൂട്ടായ ശക്തിയെക്കാൾ വ്യക്തിവാദത്തിനാണ് ഇപ്പോൾ മുൻഗണന ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പാർട്ടിയുടെ മണ്ണിൽ ആഴത്തിൽ വേരോട്ടമുള്ള തന്നെപ്പോലുള്ള നേതാക്കൾക്ക് അപമാനങ്ങൾ നേരിടുകയും പുതുമുഖങ്ങളെ അന്യായമായി അധികാരത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നതായും പാർട്ടിക്കുള്ളിലെ സമീപകാല സംഭവവികാസങ്ങൾ തന്നെ വളരെയധികം ആശങ്കാകുലനാക്കിയെന്നും അദ്ദേഹം പറഞ്ഞു.
2015- ൽ പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്ന് അവിചാരിതമായി പുറത്താക്കപ്പെട്ടുവെന്നും 2014ൽ പാർട്ടിക്ക് രാജ്യവ്യാപകമായി തിരിച്ചടി നേരിട്ടിട്ടും തെലങ്കാനയിലെ തോൽവിക്ക് തന്നെ അന്യായമായി കുറ്റപ്പെടുത്തിയതായും പൊന്നല ലക്ഷ്മയ്യ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.