മുൻ പ്രിൻസിപ്പലിനെ രണ്ടാം ദിവസവും ചോദ്യം ചെയ്തു
text_fieldsകൊൽക്കത്ത: പി.ജി ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി കർ മെഡിക്കൽ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. സന്ദീപ് ഘോഷിനെ തുടർച്ചയായ രണ്ടാം ദിവസവും സി.ബി.ഐ ചോദ്യം ചെയ്തു. കൊൽക്കത്തയിലെ സി.ബി.ഐ ഓഫിസിൽവെച്ചായിരുന്നു ചോദ്യം ചെയ്യൽ. വെള്ളിയാഴ്ച രാത്രി 9.30ന് ആരംഭിച്ച ആദ്യഘട്ട ചോദ്യം ചെയ്യൽ ശനിയാഴ്ച പുലർച്ച 1.40 വരെ നീണ്ടു. തുടർന്ന്, ശനിയാഴ്ച രാവിലെ 10.30നാണ് ഇദ്ദേഹം രണ്ടാമതും ചോദ്യം ചെയ്യലിന് ഹാജരായത്.
ഡോക്ടറുടെ മരണ വിവരമറിഞ്ഞപ്പോഴുള്ള ആദ്യ പ്രതികരണം, കുടുംബത്തെ വിവരം അറിയിച്ചത് എങ്ങനെ, ആരാണ് പൊലീസിനെ ബന്ധപ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ സി.ബി.ഐ സംഘം ചോദിച്ചറിഞ്ഞു. ചില ഉത്തരങ്ങൾ തൃപ്തികരമായിരുന്നില്ലെന്ന് ചോദ്യം ചെയ്യലിനുശേഷം സി.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട ഡോക്ടറുടെ ഡ്യൂട്ടി സമയത്തെക്കുറിച്ചും ചോദിച്ചു. ചില ദിവസങ്ങളിൽ 36 മണിക്കൂറും ചിലപ്പോൾ 48 മണിക്കൂറും ഡോക്ടർക്ക് ഡ്യൂട്ടി നൽകിയിരുന്നതായും സി.ബി.ഐ കണ്ടെത്തി.
വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിനു ശേഷമാണ് ഡോ. സന്ദീപ് ഘോഷ് പ്രിൻസിപ്പൽ സ്ഥാനം രാജിവെച്ചത്. ആക്രമിക്കപ്പെടുമെന്ന ഭയത്തെത്തുടർന്ന് അദ്ദേഹം സംരക്ഷണം തേടി കൽക്കട്ട ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ആഗസ്റ്റ് ഒമ്പതിനാണ് ട്രെയിനി ഡോക്ടറുടെ മൃതദേഹം ഹോസ്പിറ്റലിലെ സെമിനാർ റൂമിൽ കണ്ടെത്തിയത്. സംഭവത്തിൽ അടുത്ത ദിവസം ഒരു സന്നദ്ധപ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ, ശനിയാഴ്ച ഉച്ചക്ക് ഒരു സംഘം സി.ബി.ഐ ഉദ്യോഗസ്ഥർ കർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി പരിശോധന നടത്തി. മറ്റൊരു സംഘം അറസ്റ്റിലായ സന്നദ്ധപ്രവർത്തകൻ സഞ്ജയ് റോയ് പതിവായി താമസിച്ചിരുന്ന കൊൽക്കത്ത പൊലീസിന്റെ നാലാം ബറ്റാലിയനിലെ ബാരക്കിലുമെത്തി അന്വേഷണം നടത്തി. സംഭവ ദിവസത്തെ പ്രതിയുടെ നീക്കങ്ങളെക്കുറിച്ച് സംഘം പൊലീസുകാരോട് അന്വേഷിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യുന്നതിന് ഡോക്ടർമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 40 ഓളം പേരുടെ പട്ടിക സി.ബി.ഐ തയാറാക്കിയിട്ടുണ്ട്. ഇതുവരെ 13 പേരെയാണ് ചോദ്യം ചെയ്തത്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന ജൂനിയർ ഡോക്ടർമാർക്കൊപ്പം സീനിയർ ഡോക്ടർമാരും ചേർന്നതോടെ പശ്ചിമ ബംഗാളിൽ ആശുപത്രികളുടെ പ്രവർത്തനം താറുമാറായി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഹ്വാനപ്രകാരമാണ് സീനിയർ ഡോക്ടർമാരും ശനിയാഴ്ച പണിമുടക്കിയത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഒ.പി വിഭാഗം പ്രവർത്തിച്ചില്ല. സർക്കാർ ഉടമസ്ഥതയിലുള്ള എസ്.എസ്.കെ.എം ആശുപത്രി, ശംഭുനാഥ് പണ്ഡിറ്റ് ആശുപത്രി, കൽക്കട്ട നാഷനൽ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ എന്നിവയുടെ പ്രവർത്തനം മുടങ്ങി. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും സ്ഥിതി സമാനമായിരുന്നു.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ; സമിതിയെ നിയോഗിച്ച് സർക്കാർ
ന്യൂഡൽഹി: ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ട നടപടികൾ നിർദേശിക്കാൻ സമിതിയെ നിയോഗിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊല്‍ക്കത്തയില്‍ യുവഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ നടപടി. സമരം ചെയ്യുന്ന ഡോക്ടർമാർ പൊതുതാൽപര്യം കണക്കിലെടുത്ത് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
ഫെഡറേഷന് ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന് (ഫോര്‍ഡ), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ), ഡല്‍ഹിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെയും ആശുപത്രികളിലെയും റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെയാണ് സർക്കാർ തീരുമാനം. സംസ്ഥാന സർക്കാറുകളുൾപ്പെടെ ആരോഗ്യപ്രവർത്തകരുമായി ബന്ധപ്പെട്ട വിവിധ ഏജൻസികൾക്ക് കമ്മിറ്റിയുമായി അവരുടെ നിർദേശങ്ങൾ പങ്കുവെക്കാമെന്ന് ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളും നിയമനിർമാണം നടത്തിയിട്ടുണ്ട്. ജോലിസ്ഥലത്ത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ വിവിധ സംഘടനകൾ അറിയിച്ചിട്ടുണ്ട്. ആശങ്കകൾക്ക് പരിഹാരമുണ്ടാക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയതായും മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.