കോവിഡ് ചികിത്സയിലായിരുന്ന ആർ.ജെ.ഡി മുൻ എം.പി മുഹമ്മദ് ഷഹാബുദ്ദീൻ മരിച്ചു
text_fieldsന്യൂഡൽഹി: കോവിഡ് ചികിത്സയിലായിരുന്ന ആർ.ജെ.ഡി മുൻ എം.പി മുഹമ്മദ് ഷഹാബുദ്ദീൻ മരിച്ചു. ഡൽഹി ദീൻ ദയാൽ ഉപാധ്യായ ആശുപത്രിയിൽ കഴിയവെയായിരുന്നു അന്ത്യം. തിഹാർ ജയിലിൽ കഴിഞ്ഞിരുന്ന ഷഹാബുദ്ദീന് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ഡൽഹി സർക്കാറിനോടും ജയിൽ അധികൃതരോടും ഡൽഹി ഹൈകോടതി ബുധനാഴ്ച നിർദേശിച്ചിരുന്നു.
കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷഹാബുദ്ദീന് തിഹാർ ജയിലിൽ വെച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്. ഷഹാബുദ്ദീനൊപ്പമുള്ള സഹതടവുകാർക്ക് ഏപ്രിൽ ആദ്യം വൈറസ് ബാധ കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് തന്നെ രോഗബാധിതരായ സഹതടവുകാർക്കൊപ്പം പാർപ്പിച്ചെന്നും വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഷഹാബുദ്ദീൻ ഹൈകോടതിയെ സമീപിച്ചത്.
ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ അടുത്ത അനുയായി അറിയപ്പെട്ടിരുന്ന ഷഹാബുദ്ദീൻ, കൊലക്കേസ് അടക്കം നിരവധി കേസുകളിൽ പ്രതിയാണ്. സിവാനിൽ നിന്ന് നാലു തവണ ലോക്സഭാംഗമായിരുന്നു അദ്ദേഹം.
പ്രമാദമായ രാജീവ് റോഷൻ വധക്കേസിൽ ജയിലിലായിരുന്ന ഷഹാബുദ്ദീൻ 11 വർഷത്തിന് ശേഷം 2016ലാണ് ജാമ്യം നേടിയത്. സഹോദരങ്ങളായ ഗിരീഷ് രാജ്, സതീഷ് രാജ് എന്നിവർ കൊല്ലപ്പെട്ട കേസിൽ ദൃക്സാക്ഷിയായ രാജീവ് റോഷൻ വെടിയേറ്റു മരിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരൻ ഷഹാബുദ്ദീൻ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.