ബി.ജെ.പി വിട്ട നടി ഗായത്രി രഘുറാം എ.ഐ.എ.ഡി.എം.കെയിൽ
text_fieldsചെന്നൈ: ബി.ജെ.പിയിൽ നിന്ന് രാജിവെച്ച തമിഴ് സിനിമ നടി ഗായത്രി രഘുറാം എ.ഐ.എ.ഡി.എം.കെയിൽ ചേർന്നു. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ സാന്നിധ്യത്തിൽ വെള്ളിയാഴ്ച അംഗത്വം സ്വീകരിച്ചു.
ബി.ജെ.പി സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായഭിന്നതയെ തുടർന്ന് 2022 നവംബറിലാണ് ഗായത്രി പാർട്ടി വിട്ടത്. ബി.ജെ.പിയുടെ സാംസ്കാരിക വിഭാഗം മേധാവിയായിരുന്നു ഇവർ.
ബി.ജെ.പി നേതാവ് തിരുച്ചി സൂര്യ പാർട്ടി പ്രവർത്തകയോട് അപമര്യാദയായി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് ഗായത്രി പാർട്ടിയുമായി ഇടയുന്നത്. നേതൃത്വവുമായി നിരന്തരം ഏറ്റുമുട്ടിയ ഗായത്രി, അണ്ണാമലയുടെ നേതൃത്വത്തിലുള്ള ബി.ജെ.പിയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചത്.
പാർട്ടി വിട്ട ശേഷം തനിക്കെതിരെ വ്യാപകമായ ട്രോളുകൾ സമൂഹമാധ്യമങ്ങളിലൂടെ ബി.ജെ.പി പ്രവർത്തകർ പ്രചരിപ്പിക്കുന്നുവെന്ന പരാതിയുമായി ഗായത്രി രംഗത്തെത്തിയിരുന്നു. തുടർന്ന്, വർഷത്തിലേറെ നീണ്ട ഇടവേളക്കൊടുവിലാണ് ഗായത്രി എ.ഐ.എ.ഡി.എം.കെ അംഗത്വം സ്വീകരിച്ചത്.
തമിഴിന് പുറമേ കന്നഡ, തെലുങ്ക്, മലയാളം സിനിമകളിലും ഗായത്രി അഭിനയിച്ചിട്ടുണ്ട്. 2002ൽ പുറത്തിറങ്ങിയ 'നക്ഷത്രക്കണ്ണുള്ള രാജകുമാരൻ, അവനുണ്ടൊരു രാജകുമാരി'യാണ് ഒരേയൊരു മലയാള ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.