തൃണമൂൽ വിട്ട മുൻ റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി ബി.ജെ.പിയിൽ
text_fieldsന്യൂഡൽഹി: ബംഗാളിൽ അക്രമങ്ങൾ വർധിക്കുന്നുവെന്ന് പരിതപിച്ച് രാജ്യസഭയിൽ വെച്ച് എം.പി സ്ഥാനം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച മുൻ റെയിൽവേ മന്ത്രി ദിനേശ് ത്രിവേദി തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ. പാർട്ടി പ്രസിഡൻറ് ജെ.പി. നദ്ദ, കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, പീയുഷ് ഗോയൽ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം.തത്ത്വം സൂക്ഷിക്കുന്ന രാഷ്ട്രീയക്കാരനെന്നാണ് ബി.ജെ.പിയിലെത്തിയ ദിനേശ് ത്രിവേദിയെ ജെ.പി. നദ്ദ വിശേഷിപ്പിച്ചത്. ഈ സുവർണ നിമിഷത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു എന്ന് പ്രതികരിച്ച ത്രിവേദി മോദിസർക്കാർ കോവിഡ് കൈകാര്യം ചെയ്ത രീതിയേയും പുകഴ്ത്തി.
ഒരിക്കൽ തെൻറ വിശ്വസ്തനായിരുന്ന ത്രിവേദിയെയാണ് യു.പി.എ സർക്കാറിൽ റെയിൽവേ മന്ത്രിസ്ഥാനം മമത ഏൽപിച്ചുകൊടുത്തത്. പിന്നീട് ബന്ധങ്ങൾ മോശമായി, മന്ത്രിസഭയിൽനിന്ന് മാറ്റി. വീണ്ടും ഇരുവരും പൊരുത്തപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ ത്രിവേദിക്ക് മമത രാജ്യസഭ സീറ്റ് നൽകി. എന്നാൽ, തൃണമൂലിൽനിന്ന് കഴിയുന്നത്ര നേതാക്കെള അടർത്തിയെടുക്കാനുള്ള ബി.ജെ.പി ശ്രമം ത്രിവേദിയുടെ കാര്യത്തിലും വിജയിക്കുകയായിരുന്നു. നന്ദികെട്ടവനായി ത്രിവേദിയെ തൃണമൂൽ കോൺഗ്രസ് വിശേഷിപ്പിച്ചു. അധികാരമുള്ളപ്പോൾ അതനുഭവിച്ച് തെരഞ്ഞെടുപ്പുകാലത്ത് പാർട്ടി മാറുന്ന നേതാക്കളിലൊരാളാണ് ത്രിവേദിയെന്ന് സൗഗത റോയ് എം.പി കുറ്റപ്പെടുത്തി.
മത്സരിക്കാൻ സീറ്റ് നിഷേധിച്ചതോടെ മമതയുമായി തെറ്റിയ ശിബ്പൂർ എം.എൽ.എ ജാടു ലാഹിരിയും ബി.ജെ.പിയിൽ ചേക്കേറിയിട്ടുണ്ട്. ടിക്കറ്റിന് വേണ്ടിയല്ല പാർട്ടിയിൽ ചേർന്നതെന്നും അവസാന നിമിഷം വരെ ബി.ജെ.പിക്കായി പ്രവർത്തിക്കുമെന്നും ഉപാധ്യക്ഷൻ മുകുൾ റോയിയുമായി കൂടിക്കാഴ്ച നടത്തിയശേഷം അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.