ഒടുവിൽ സ്മൃതി ഇറാനി ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു
text_fieldsന്യൂഡൽഹി: അമേത്തിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമയോട് ഒന്നര ലക്ഷത്തിലധികം വോട്ടിന് നാണം കെട്ട തോൽവി ഏറ്റുവാങ്ങിയ മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്മൃതി ഇറാനി ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു. ഡൽഹി 28 തുഗ്ലക് ക്രസൻറിലെ ബംഗ്ലാവാണ് സ്മൃതി ഒഴിഞ്ഞത്.
2019ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അമേത്തിയിൽ പരാജയപ്പെടുത്തിയതു മുതൽ ബി.ജെ.പിയിൽ ഗ്രാമർ താരമായി വിലസിയ സമൃതിക്ക് കനത്ത തിരിച്ചടിയായിരുന്നു ഈ തെരഞ്ഞെടുപ്പിൽ നേരിട്ടത്. തോറ്റിട്ടും ഒരുമാസം കഴിഞ്ഞാണ് ഇവർ വസതി ഒഴിഞ്ഞത്. സാധാരണ തോൽവി അറിഞ്ഞ് ദിവസങ്ങൾക്കകം മുൻ മന്ത്രിമാരും എംപിമാരും അവരുടെ സർക്കാർ വസതികൾ ഒഴിയാറുണ്ട്. പരമാവധി പുതിയ സർക്കാർ രൂപവത്കരിച്ച് ഒരു മാസത്തിനുള്ളിൽ എല്ലാവരും താമസം മാറും.
കേന്ദ്രമന്ത്രിയെന്ന നിലയിൽ വിജയമുറപ്പിച്ച രീതിയിലായിരുന്നു തെരഞ്ഞെടുപ്പ് വേളയിൽ സ്മൃതിയുടെ വെല്ലുവിളികൾ. തോൽവി ഭയന്നാണ് രാഹുൽ വയനാട്ടിലേക്ക് കാലുമാറിയതെന്നും തനിക്കെതിരെ മത്സരിക്കാൻ ഭയമാണെന്നും അവർ പരിഹസിച്ചിരുന്നു. എന്നാൽ, അത്രയൊന്നും അറിയപ്പെടാത്ത കോൺഗ്രസ് സ്ഥാനാർഥിക്ക് മുന്നിലാണ് സ്മൃതി ഇറാനി മുട്ടുമടക്കിയത്. തോറ്റെങ്കിലും സ്മൃതിയെ രാജ്യസഭ വഴി മന്ത്രിസഭയിൽ എടുത്തേക്കുമെന്ന പ്രതീക്ഷയും ഫലം കണ്ടില്ല. തങ്ങളുടെ പ്രധാന വനിതാ മുഖമായി ബി.ജെ.പി ഉയർത്തിക്കാട്ടുന്ന സ്മൃതിയെ നരേന്ദ്ര മോദിയുടെ മൂന്നാം മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.