ഇന്ത്യൻ സാഹചര്യങ്ങളിൽ ഉത്കണ്ഠ; ഹാമിദ് അൻസാരിക്കും മറ്റുമെതിരെ സർക്കാർ
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ മനുഷ്യാവകാശ സാഹചര്യങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ച് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയും ഏതാനും യു.എസ് കോൺഗ്രസ്, സെനറ്റ് അംഗങ്ങളും നടത്തിയ പരാർശത്തിനെതിരെ കേന്ദ്രസർക്കാർ.
ഇന്ത്യൻ-അമേരിക്കൻ മുസ്ലിം കൗൺസിൽ അടക്കം യു.എസിലെ 17 സംഘടനകൾ ചേർന്ന്, ഭരണഘടനയുടെ ബഹുസ്വരത സംരക്ഷിക്കുന്നതിനെക്കുറിച്ച് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വാഷിങ്ടണിൽ സംഘടിപ്പിച്ച വെർച്വൽ കോൺഫറൻസിലെ പരാമർശങ്ങളാണ് ചർച്ചയായത്. മനുഷ്യാവകാശ സംരക്ഷണം, പൗരാവകാശം, മതസ്വാതന്ത്ര്യം എന്നിവയുടെ കാര്യത്തിൽ സമീപകാല ഇന്ത്യയുടെ പോക്ക് യോഗത്തിൽ വിമർശിക്കപ്പെട്ടു.
പരിപാടി സംഘടിപ്പിച്ചവരുടെ പശ്ചാത്തലവും പങ്കെടുത്തവരുടെ രാഷ്ട്രീയ പക്ഷപാതിത്വവും എല്ലാവർക്കും അറിയുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബഗ്ചി പറഞ്ഞു. ഊർജസ്വല ജനാധിപത്യ രാജ്യമായ ഇന്ത്യക്ക് മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.
നമ്മുടെ ഭരണഘടന മറ്റുള്ളവർ സംരക്ഷിക്കേണ്ടതുണ്ടെന്ന പറച്ചിൽ ധിക്കാരവും അപഹാസ്യവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻസാരിയുടെ പരാമർശങ്ങൾക്കെതിരെ കേന്ദ്രമന്ത്രിമാരായ മുഖ്താർ അബ്ബാസ് നഖ്വി, കിരൺ റിജിജു തുടങ്ങിയവരും രംഗത്തുവന്നു.സെനറ്റ് അംഗം എഡ്മാർക്കി, കോൺഗ്രസിലെ ഡെമോക്രാറ്റ് അംഗങ്ങളായ ആൻഡി ലെവിൻ, ജമി റസ്കിൻ, ജിം മാക് ഗവേൺ എന്നിവരായിരുന്നു ഓൺലൈൻ യോഗത്തിൽ പങ്കെടുത്ത യു.എസ് നിയമനിർമാണ സഭാംഗങ്ങൾ. ഭരണഘടനാമൂല്യങ്ങളിൽനിന്ന് രാജ്യം അകന്നുപോകുന്നതായി അവർ കുറ്റപ്പെടുത്തി.
ന്യൂനപക്ഷങ്ങൾക്കു നേരെ വിദ്വേഷ പ്രചാരണം പതിവായി. ഭീകരപ്രവർത്തനം തടയാനുള്ള യു.എ.പി.എ നിയമം ദുരുപയോഗിക്കുന്നു. കശ്മീരിലെ മനുഷ്യാവകാശ പ്രവർത്തകനായ ഖുർറം പർവേശിന്റെ തടങ്കലിനെതിരെയും പ്രതിഷേധമുയർന്നു.ഇന്ത്യയിൽ അസഹിഷ്ണുത നിറഞ്ഞ ചെയ്തികളും അപരവത്കരണവും പ്രോത്സാഹിപ്പിച്ച് അരക്ഷിത ബോധവും അസ്വസ്ഥതയും വളർത്തുകയാണെന്ന് മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരി കുറ്റപ്പെടുത്തി. ഇന്ത്യയുടെ ജനകീയ ദേശീയതക്കു ബദലായി 'സാംസ്കാരിക ദേശീയത'യെന്ന സാങ്കൽപിക രീതി സമീപ വർഷങ്ങളിൽ ഉയർത്തിക്കൊണ്ടുവന്നു. രാഷ്ട്രീയാധികാരം കുത്തകയാക്കുകയും തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം മതമേധാവിത്വമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വിവേചനം കാട്ടുന്നു. നിയമവാഴ്ചയെക്കുറിച്ച അവകാശവാദങ്ങൾതന്നെ നിരർഥകമാക്കുന്നതാണ് സമീപകാലത്തെ പല സംഭവങ്ങളും. ഇത്തരം പ്രവണതകൾ നിയമപരമായും രാഷ്ട്രീയമായും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഹാമിദ് അൻസാരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.