മോശം സാഹചര്യത്തിൽ കുട്ടികളെ പാർപ്പിച്ചെന്ന് ആരോപണം; ക്രിസ്ത്യൻ പള്ളിയിൽ പരിശോധന
text_fieldsമുംബൈ: കുട്ടിക്കടത്ത് ആരോപിച്ച് കൃസ്ത്യൻ പള്ളി റെയ്ഡ് ചെയ്ത പൊലീസ് സംഘം 45 കുട്ടികളെ താനെയിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. നവി മുംബൈയിലെ നെരൂളിൽ ബെഥേൽ ഗോസ്പൽ പെന്തക്കോസ്ത് ആശ്രമത്തിലാണ് പരിശോധന നടത്തിയത്. കുട്ടികളെ മോശം അവസ്ഥയിൽ പാർപ്പിച്ചിരിക്കുന്നു എന്ന ആരോപണത്തെത്തുടർന്നായിരുന്നു പരിശോധന. കുട്ടികളെ ഭക്ഷണം പോലും നൽകാതെ പരിതാപകരമായ അവസ്ഥയിൽ പാർപ്പിച്ചു എന്നാണ് അധികൃതർ പറയുന്നത്.
താനെയിൽ നിന്നുള്ള ശിശു സംരക്ഷണ അധികാരികളാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. മൂന്നിനും 18 നും ഇടയിൽ പ്രായമുള്ള 45 ആൺകുട്ടികളെയും പെൺകുട്ടികളെയും രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ചൈൽഡ്‌ലൈൻ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്നായിരുന്നു നടപടി. ഒരാഴ്ച മുമ്പ് താനെ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ വനിതാ ശിശു വികസന വകുപ്പിലെ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയായിരുന്നു.
"കുട്ടികളെ പാർപ്പിച്ചിരിക്കുന്ന അവസ്ഥ നിലവാരം കുറഞ്ഞതാണെന്ന് ഞങ്ങൾ നേരത്തെ നടത്തിയ പരിശോധനയിൽ ബോധ്യപ്പെട്ടിരുന്നു'-നവി മുംബൈയിലെ ചൈൽഡ്‌ലൈനിന്റെ സെൻട്രൽ കോർഡിനേറ്റർ വിജയ് ഖരാത് പറഞ്ഞു. 'കുറഞ്ഞ സ്ഥലത്ത് 45 കുട്ടികളും 25 മുതിർന്നവരും താമസിക്കുന്നുണ്ടായിരുന്നു. കുട്ടികൾ അടുക്കളയിൽ പോലും ഉറങ്ങുന്നുണ്ടായിരുന്നു'-ഖരത് പറഞ്ഞു.
കുട്ടികൾക്ക് പഴകിയ ഭക്ഷണം നൽകിയതായും ഉദ്യോഗസ്ഥർ പറയുന്നു. 'അടുക്കള ഉൾപ്പെടെ 4 മുറികളിൽ മാലിന്യം നിറഞ്ഞിരുന്നു. കുട്ടികൾക്ക് കിടക്കവിരി നൽകിയിരുന്നില്ല. കൗൺസിലിങ്ങിനിടെ പള്ളിയിലെ പിതാവ് തങ്ങളെ തല്ലുകയും ശകാരിക്കുകയും ചെയ്യാറുണ്ടെന്ന് കുട്ടികൾ പറഞ്ഞു. കൂടാതെ, ആശ്രമത്തിലെ പ്രായമായ അന്തേവാസികളെ സഹായിക്കാൻ അവരോട് ആവശ്യപ്പെട്ടു'-അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര, രാജസ്ഥാൻ, ഒഡീഷ, തമിഴ്‌നാട് എന്നിവിടങ്ങളിലെ പള്ളികളിൽ നിന്നാണ് കുട്ടികളെ കൊണ്ടുവന്നത്. കുട്ടികളെ അയച്ചത് അവരുടെ സ്വന്തം മാതാപിതാക്കളാണെന്ന് പള്ളി അധികൃതർ പറയുന്നു. പള്ളിക്ക് അഭയകേന്ദ്രം നടത്താനുള്ള അനുമതിയില്ലെന്നും അധികൃതർ കണ്ടെത്തി. കുട്ടികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററും സൂക്ഷിച്ചിരുന്നില്ല.
2015ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും സംരക്ഷണവും) ആക്‌ട് പ്രകാരം പള്ളിക്കെതിരേ കേസെടുക്കാനാണ് തീരുമാനം. 'ലോക്ഡൗൺ കാരണം ഞങ്ങൾക്ക് കടലാസ് ജോലികൾ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾക്ക് കെയർടേക്കർ ഇല്ലാത്തതിനാൽ ചില ശുചിത്വ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇനിമുതൽ ഞങ്ങൾ സർക്കാർ മാനദണ്ഡങ്ങൾ പാലിക്കും'-പള്ളി വികാരി രാജ് കുമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.