മുന്നാക്ക സംവരണം തീരുമാനമായില്ല; ആദ്യ മെഡിക്കൽ അലോട്ട്മെൻറ് മാറ്റി
text_fieldsതിരുവനന്തപുരം: മുന്നാക്ക സംവരണത്തിനുള്ള സീറ്റ് വിഹിതം നിശ്ചയിക്കുന്നതിൽ തീരുമാനം വൈകിയതോടെ തിങ്കളാഴ്ച പ്രസിദ്ധീകരിക്കാനിരുന്ന മെഡിക്കൽ, അനുബന്ധ കോഴ്സുകളിലെ ആദ്യ അലോട്ട്മെൻറ് മാറ്റിവെച്ചു. സീറ്റ് വിഹിതം നിശ്ചയിച്ച ആരോഗ്യവകുപ്പ് ഉത്തരവ് ലഭിക്കാത്തതാണ് അലോട്ട്മെൻറ് മാറ്റാൻ കാരണമെന്ന് പ്രവേശന പരീക്ഷ കമീഷണറുടെ ഒാഫിസ് അറിയിച്ചു.
അതേസമയം, മുന്നാക്ക സംവരണ സീറ്റ് വിഹിതം സംബന്ധിച്ച് നിയമവകുപ്പ് അഭിപ്രായം തേടി തീരുമാനമെടുക്കാൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വകുപ്പ് സെക്രട്ടറി രാജൻ ഗൊബ്രഖഡെക്ക് നിർദേശം നൽകി. കഴിഞ്ഞവർഷം മുന്നാക്ക സംവരണത്തിന് വഴിവിട്ട് സീറ്റുകൾ അനുവദിച്ചത് പുറത്തുവന്നതാണ് ഇൗ വർഷത്തെ സീറ്റിൽ തീരുമാനമെടുക്കുന്നത് പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ വർഷം 10 ശതമാനമെന്ന പേരിൽ 130 എം.ബി.ബി.എസ് സീറ്റാണ് മുന്നാക്ക സംവരണത്തിനായി സർക്കാർ മെഡിക്കൽ കോളജുകളിൽ അനുവദിച്ചത്.
10 ശതമാനം സംവരണമുള്ള എസ്.സി/എസ്.ടി വിഭാഗത്തിന് 104 സീറ്റ് നൽകിയപ്പോഴാണിത്. ജനറൽ വിഭാഗത്തിൽനിന്ന് 10 ശതമാനം വരെ സീറ്റുകൾ നൽകാമെന്നാണ് സർക്കാർ ഉത്തരവെങ്കിലും ആകെ സീറ്റിെൻറ 10 ശതമാനത്തിലധികമാണ് കഴിഞ്ഞ വർഷം നൽകിയത്.
ഉയർന്ന സീറ്റ് വിഹിതം നിശ്ചയിച്ചത് വിവാദമായതോടെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തീരുമാനമെടുക്കാതെ ആരോഗ്യവകുപ്പിന് വിടുകയായിരുന്നു. സീറ്റ് വിഭജനം സംബന്ധിച്ച ഉത്തരവ് ലഭിച്ചാലുടൻ അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷ കമീഷണറേറ്റ് അറിയിച്ചു. അലോട്ട്മെൻറ് മാറ്റിയതോടെ മെഡിക്കൽ പ്രവേശനത്തിെൻറ സമയക്രമം താളംതെറ്റും.
ന്യൂനപക്ഷ പദവിയുള്ള മെഡിക്കൽ, ഡെൻറൽ കോളജുകളിലെ മൈനോറിറ്റി സീറ്റ് വിഹിതവും നിശ്ചയിച്ച് സർക്കാറാണ് ഉത്തരവ് നൽകേണ്ടത്. ഇതുസംബന്ധിച്ച് ബന്ധെപ്പട്ട കോളജുകൾ സമർപ്പിച്ച നിർദേശം കൂടി പരിഗണിച്ച് സീറ്റ് വിഹിതത്തിൽ ഏറക്കുറെ തീരുമാനമായി. മുന്നാക്ക സംവരണ സീറ്റുകളിൽ തീരുമാനമാകാതെ വന്നതോടെ മൈനോറിറ്റി ക്വോട്ട സീറ്റ് വിഹിതം സംബന്ധിച്ച ഉത്തരവും പ്രവേശന പരീക്ഷ കമീഷണറേറ്റിന് നൽകിയിട്ടില്ല. സ്റ്റേറ്റ് മെറിറ്റ്, സംവരണ വിഭാഗങ്ങൾക്കുള്ള സീറ്റ് വിഹിതം, ന്യൂനപക്ഷ പദവിയുള്ള കോളജുകളിലെ മൈനോറിറ്റി സീറ്റ് എന്നിവ നിശ്ചയിച്ച ഉത്തരവ് ആരോഗ്യവകുപ്പാണ് അലോട്ട്മെൻറിനായി പ്രവേശന പരീക്ഷ കമീഷണർക്ക് നൽകേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.