മുന്നാക്ക സംവരണം: വീടിന്റെ വലുപ്പം പ്രശ്നമല്ല, മാനദണ്ഡത്തിൽ ഇളവ്
text_fieldsന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിലെ 10 ശതമാനം മുന്നാക്ക സംവരണത്തിനുള്ള മാനദണ്ഡത്തിൽ ഇളവ് വരുത്തിയ വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കമായവരെ കണ്ടെത്താനുള്ള മാനദണ്ഡത്തിൽ നിന്ന് വീടിന്റെയും പുരയിടത്തിന്റെയും വലുപ്പം എന്നത് വിദഗ്ധ സമിതി ഒഴിവാക്കിയിരുന്നു. പ്രവേശന നടപടികൾക്കിടയിൽ സാമ്പത്തിക മാനദണ്ഡങ്ങൾ മാറ്റുന്നത് സങ്കീർണതകളുണ്ടാക്കുമെന്നതിനാൽ പുതിയത് അടുത്ത അധ്യയന വർഷം നടപ്പിലാക്കുമെന്നും ഇപ്പോൾ തൽസ്ഥിതി തുടരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
അതേസമയം, കുടുംബത്തിന്റെ ഉയർന്ന വാർഷിക വരുമാന പരിധി എട്ടു ലക്ഷം രൂപ ആക്കിയതും അഞ്ച് ഏക്കർ കൃഷിഭൂമി ഉള്ളവരെ മുന്നാക്ക സംവരണത്തിൽ നിന്ന് ഒഴിവാക്കിയതും അതുപോലെ തുടരണമെന്നാണ് സത്യവാങ്മൂലത്തിനൊപ്പം സമർപ്പിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലുള്ളത്. കേന്ദ്ര നടപടിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹരജികൾ ജനുവരി ആറിന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്, എട്ട് ലക്ഷം രൂപയെന്ന വാർഷിക വരുമാന പരിധി തുടരണമെന്ന വിദഗ്ധ സമിതി റിപ്പോർട്ട് ശനിയാഴ്ച കേന്ദ്രം സമർപ്പിച്ചത്. ഇതു മാറ്റണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. നീറ്റ്, മെഡിക്കൽ പി.ജി. കൗൺസിലിങ്ങിൽ സുപ്രീംകോടതി നിലപാട് ഇതോടെ നിർണായകമാകും.
പാർപ്പിടത്തിന്റെയും പുരയിടത്തിന്റെയും വലുപ്പം മാനദണ്ഡമാക്കുന്നത് സങ്കീർണമായ പ്രശ്നമാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ സ്വത്തുനിർണയത്തിന് വീടിന്റെയും പുരയിടത്തിന്റെയും വലുപ്പം നോക്കുമ്പോൾ തന്നെ ആഭരണങ്ങളുടെയോ സ്ഥിര നിക്ഷേപങ്ങളുടെയോ മ്യൂച്വൽ ഫണ്ടുകളുടെയോ ഓഹരികളുടെയോ കണക്ക് നോക്കുന്നില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തി. സ്വത്തിനുള്ള നികുതി ഇല്ലാതായതിനാൽ ഒ.ബി.സി ക്രീമിലെയറിലും സ്വത്ത് അടിസ്ഥാനമാക്കിയുള്ള മാനദണ്ഡമില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ആയിരമോ അതിലധികമോ ചതുരശ്ര അടി വലുപ്പമുള്ള വീടുള്ളവരും മുനിസിപ്പൽ പ്രദേശങ്ങളിൽ 100 ചതുരശ്ര യാർഡോ (2.07 സെന്റ്) അതിലധികമോ, മുനിസിപ്പൽ അല്ലാത്ത പ്രദേശങ്ങളിൽ 200 ചതുരശ്ര യാർഡോ (4.13 സെന്റ്) അതിലധികമോ ഭൂമി ഉള്ളവരും മാനദണ്ഡത്തിലെ പുതിയ ഇളവോടെ മുന്നാക്ക സംവരണത്തിന് അർഹരാകും.
അഞ്ചു ലക്ഷത്തിലേറെ രൂപ വരുമാനമുള്ളവർ ആദായ നികുതി നൽകണമെങ്കിലും നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയുടെ പേരിലുള്ള വിവിധ ഇളവുകളിലൂടെ ശരാശരി ഏഴ് മുതൽ എട്ടു ലക്ഷം രൂപ വരെ വരുമാനമുള്ളയാളും ആദായ നികുതിയിൽ നിന്ന് ഒഴിവാകുന്നുണ്ടെന്ന് മുൻ ധനകാര്യ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ അധ്യക്ഷനായ വിദഗ്ധ സമിതി ചൂണ്ടിക്കാട്ടി. അത് കൊണ്ടാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക സംവരണത്തിനുള്ള വാർഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയിലും താഴേക്ക് കൊണ്ടുവരരുതെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നതെന്നും റിപ്പോർട്ട് തുടർന്നു.
ഒരേ വലുപ്പത്തിലുള്ള പാർപ്പിടങ്ങൾക്ക് ഒരേ നഗരത്തിൽ പോലും വ്യത്യസ്ത വിലയുണ്ടാകുമെന്നതിനാൽ പ്രദേശങ്ങൾക്ക് അനുസൃതമായി വീടിന്റെയും പുരയിടത്തിന്റെയും വലുപ്പം മാനദണ്ഡമാക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി. ഇതുമൂലം ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് തങ്ങളുടെ വീടിന്റെയും പുരയിടത്തിന്റെയും മൂല്യനിർണയം ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നേടിയെടുക്കേണ്ടി വരും. പരമ്പരാഗതമായി കിട്ടിയ വീട് മറ്റൊരു മാർഗവുമില്ലാത്തതിനാൽ താമസത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും വിൽക്കാൻ പോലും പറ്റാത്ത സ്ഥിതിയിലാകാം. അതിനാൽ ഇത് അപേക്ഷകന്റെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പ്രതിഫലിപ്പിക്കുന്നില്ല. താമസത്തിന് മാത്രം ഉപയോഗിക്കുന്ന വീട് വരുമാനമുണ്ടാക്കുന്നില്ല. അതിനാൽ ഈ മാനദണ്ഡം കാരണം, സാമ്പത്തിക സംവരണത്തിന് അർഹരായ വിദ്യാർഥികളും പുറത്താകുകയായിരിക്കും ഫലം. അതു കൊണ്ടാണ് ഈ മാനദണ്ഡം ഒഴിവാക്കാൻ ശിപാർശ ചെയ്യുന്നതെന്നും സമിതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.