കെജ്രിവാളിന് പിന്തുണയുമായി നാല് മുഖ്യമന്ത്രിമാർ ഡൽഹിയിൽ
text_fieldsന്യൂഡൽഹി: െലഫ്. ഗവർണർ അനിൽ ബൈജാലിെൻറ ഒാഫിസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മൂന്നു മന്ത്രിമാരും ആറു ദിവസമായി നടത്തി വരുന്ന കുത്തിയിരിപ്പു സമരം പുതിയ വഴിത്തിരിവിൽ. സത്യഗ്രഹം നടത്തുന്ന കെജ്രിവാളിനും മറ്റും പിന്തുണ പ്രഖ്യാപിച്ച് പിണറായി വിജയൻ അടക്കം നാലു മുഖ്യമന്ത്രിമാർ രംഗത്ത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ പിണറായിക്കു പുറമെ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി എന്നിവരാണ് കൈകോർത്തത്. ഡൽഹി മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയം ചർച്ചചെയ്യാൻ അനുമതി തേടി അവർ ഗവർണർക്ക് കത്തു നൽകി.
അനുമതി കിട്ടിയില്ല. രാത്രി ഒമ്പതരയോടെ അവർ കെജ്രിവാളിെൻറ വസതിയിലെത്തി ഭാര്യ സുനിതയെ കണ്ടു. ആം ആദ്മി പാർട്ടി പ്രവർത്തകരും വസതിയിൽ തടിച്ചുകൂടി.അസാധാരണമായ സംഭവവികാസമാണ് ശനിയാഴ്ച രാത്രി നടന്നത്. ആം ആദ്മി പാർട്ടി സർക്കാറിനോട് ഫെഡറൽ തത്ത്വങ്ങൾക്ക് വിരുദ്ധമായി ഏറ്റുമുട്ടുന്ന മോദി സർക്കാറിനെതിരെ ഒരുസംഘം മുഖ്യമന്ത്രിമാരുടെ താക്കീത് എന്നതിനൊപ്പം മൂന്നാം ചേരിയെന്ന രാഷ്ട്രീയ മാനവും ഇൗ നീക്കത്തിലുണ്ട്. രാഷ്്ട്രീയ ശത്രുത പുലർത്തുന്ന സി.പി.എമ്മിെൻറയും തൃണമൂൽ കോൺഗ്രസിെൻറയും മുഖ്യമന്ത്രിമാർ ഒന്നിച്ചുവന്നത് ശ്രദ്ധേയ വഴിത്തിരിവാണ്.
ബി.ജെ.പി എന്നപോലെ കോൺഗ്രസും അരവിന്ദ് കെജ്രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടി സർക്കാറിന് എതിരാണ്. ഇതിനിടയിൽ ബി.ജെ.പിയിതര, കോൺഗ്രസിതര മൂന്നാം ചേരിക്ക് കരുത്തുപകരുന്ന രാഷ്ട്രീയനീക്കം കൂടിയാണ് നടന്നത്. കെജ്രിവാളിനെ ചെന്നുകാണാൻ ഗവർണർ അനുമതി നിഷേധിച്ചതിനെ തുടർന്ന് മമത ബാനർജി ഇതിനു മുൻകൈയെടുക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വിളിച്ച നിതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ പെങ്കടുക്കാനാണ് മുഖ്യമന്ത്രിമാർ ഡൽഹിയിൽ എത്തിയത്.
ചന്ദ്രബാബു നായിഡുവുമായി വൈകീട്ടു നടത്തിയ ചർച്ചയിൽ ഗവർണറുടെ വിലക്കു വിവരം മമത ഉന്നയിച്ചു. തുടർന്ന് ഇരുവരും കേരള, കർണാടക മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട് പിന്തുണ നേടുകയായിരുന്നു. ഞായറാഴ്ച പ്രധാനമന്ത്രി നടത്തുന്ന നിതി ആയോഗ് യോഗത്തിലും പ്രതിഷേധം ഉയരുമെന്നാണ് സൂചന. ഗവർണറെ ദുഃസ്വാധീനിച്ച് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അവമതിക്കുകയാണ് ചെയ്യുന്നതെന്ന് അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.