നാല് പതിറ്റാണ്ട്, ഇന്ദിരാ വധത്തിനും സിഖ് കൂട്ടക്കൊലക്കും
text_fieldsന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി വെടിയേറ്റ് മരിച്ചതിനൊപ്പം സിഖ് ജനതയുടെ കൂട്ടക്കൊലക്കും 40 വർഷം പൂർത്തിയാകുന്നു. 1984 ഒക്ടോബർ 31ന് സിഖുകാരായ അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് ഡൽഹിയിലും പരിസരത്തും സിഖ് വംശജരെ വംശഹത്യ നടത്തിയത്. 2733 പേർക്കാണ് ജീവൻ നഷ്ടമായത്. 8000 മുതൽ 16000 പേർവരെ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്. നാല് പതിറ്റാണ്ടായിട്ടും ഈ കൂട്ടക്കൊലയുടെ നിയമപോരാട്ടങ്ങൾ തുടരുകയാണ്. കേസുകൾ പുനരന്വേഷിക്കുകയും കോൺഗ്രസിന്റെ പ്രമുഖ നേതാക്കളടക്കമുള്ളവർക്കെതിരെ നടപടികൾ കർശനമാകുകയും ചെയ്തത് ഇതിനിടയിൽ ഇരകൾക്ക് ആശ്വാസമായിട്ടുണ്ട്.
കൂട്ടക്കൊല അന്വേഷിച്ച നാനാവതി കമീഷൻ റിപ്പോർട്ടനുസരിച്ച് 587 കേസുകളായിരുന്നു രജിസ്റ്റർ ചെയ്തത്. ഇതിൽ 240 എണ്ണം ഒന്നും കണ്ടെത്തിയില്ലെന്ന് പറഞ്ഞ് പൊലീസ് അവസാനിപ്പിച്ചു. 250 കേസിൽ പ്രതികളെ വെറുതെവിട്ടിരുന്നു. 27 കേസുകളിൽ 400 പേർക്ക് ശിക്ഷ നൽകി. ഇതിൽ മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാറുമുൾപ്പെടും. പാലം കോളനിയിൽ അഞ്ചുപേരെ കൊന്ന കേസിൽ പ്രതിയായിരുന്നു അക്കാലത്തെ കോൺഗ്രസ് നേതാവും എം.പിയുമായിരുന്ന സജ്ജൻകുമാർ. ഈ കേസിൽ ഡൽഹി ഹൈകോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അപ്പീൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. രണ്ട് കേസുകളിൽ വിചാരണക്കോടതികൾ ഇദ്ദേഹത്തെ കുറ്റമുക്തനാക്കിയതിനെതിരെയുള്ള ഹരജികൾ ഹൈകോടതിയുടെ പരിഗണനയിലാണ്.
2023 മേയ് മാസത്തിൽ കോൺഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്ലർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. മൂന്നുപേരുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു കേസ്. 1984 നവംബർ 1 ന് ഡൽഹിയിലെ പുൽ ബംഗഷ് ഗുരുദ്വാര ആസാദ് മാർക്കഞ്ഞ് ഭാഗത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ ടൈറ്റ്ലർ കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തതായി സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. സിഖ് ഗുരുദ്വാര കത്തിക്കുകയും താക്കൂർ സിങ്, ബാദൽ സിങ്, ഗുരു ചരൺ സിങ് എന്നിവരെ കൊല്ലുകയും ചെയ്തെന്നാണ് കേസ്.
ടൈറ്റ്ലറിനെതിരായ കേസ് മൂന്നുതവണ അവസാനിപ്പിച്ച് ക്ലീൻചിറ്റ് നൽകിയിരുന്നു. ഈ റിപ്പോർട്ടെല്ലാം തള്ളിയ കോടതി കൊലപാതകമടക്കമുള്ള കുറ്റങ്ങൾ ചുമത്താൻ നിർദേശം നൽകുകയായിരുന്നു. ഇതിനെതിരെ ടൈറ്റ്ലർ നൽകിയ അപ്പീൽ ഡൽഹി ഹൈകോടതി നവംബർ 29ന് പരിഗണിക്കും. ഡൽഹിയിലെ ജനക്പുരി, വികാസ്പുരി പ്രദേശങ്ങളുമായി ബന്ധപ്പെട്ട കലാപക്കേസുകളുടെ വിചാരണയും തുടരുകയാണ്.
നടുക്കുന്ന ഓർമ
ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചത് ഇന്ത്യ ചരിത്രത്തിലെ നടുക്കുന്ന ഓർമയാണ്. കൃത്യം 40 വർഷം മുമ്പ് 1984 ഒക്ടോബർ 31നായിരുന്നു ആ ദാരുണ സംഭവം. നാല് മാസങ്ങൾക്ക് മുമ്പ് സിഖ് ഭീകരരെ തുരത്താൻ അമൃത്സറിലെ സുവർണക്ഷേത്രത്തിൽ നടത്തിയ ‘ബ്ലൂസ്റ്റാർ ഓപറേഷൻ’ ആണ് പ്രധാനമന്ത്രിയുടെ കൊലയിലേക്ക് നയിച്ചത്. സഫ്ദർജങ് റോഡിലെ വസതിയിൽ ഒക്ടോബർ 31ന് രാവിലെ 9.30നായിരുന്നു അംഗരക്ഷകരായ സത്വന്ത് സിങ്ങും ബിയാന്ത് സിങ്ങും വെടിയുതിർത്തത്.
ഐറിഷ് ടെലിവിഷനുവേണ്ടി ബ്രിട്ടീഷ് നടൻ പീറ്റർ ഉസ്തിനോവ് അഭിമുഖം നടത്തുമെന്നറിയിച്ചിരുന്നു. വൺ അക്ബർ റോഡിലെ ഓഫിസിലേക്ക് പോകുന്നതിനിടെയായിരുന്നു വെടിയേറ്റത്. 30 വെടിയുണ്ടകളേറ്റ് ഇന്ദിര വീണു. ഡൽഹി എയിംസിൽ അടിയന്തര ശസ്ത്രക്രിയ നടത്തിയിട്ടും രക്ഷിക്കാനായില്ല. ഉച്ചക്ക് 2.20നാണ് മരണം സ്ഥിരീകരിച്ചത്. പുറത്തറിയാൻ വീണ്ടും വൈകി. പ്രതി ബിയാന്ത് സിങ്ങിനെ മറ്റ് അംഗരക്ഷകർ വെടിവെച്ച് കൊന്നു. സത്വന്ത് സിങ്ങിന് ഏറ്റുമുട്ടലിൽ പരിക്കേറ്റു. 1989ൽ മറ്റൊരു പ്രതി കെഹാർ സിങ്ങിനൊപ്പം സത്വന്തിനെ തൂക്കിലേറ്റി.
നവംബർ ഒന്ന് മുതൽ 12 വരെ രാജ്യത്ത് ദുഃഖാചരണമായിരുന്നു. പാകിസ്താൻ മൂന്ന് ദിവസത്തെ ദുഃഖാചരണം നടത്തി. നവംബർ മൂന്നിന് രാജ്ഘട്ടിലെ ഒരുഭാഗത്ത് സംസ്കാര ചടങ്ങുകൾ നടത്തി. ഇന്ദിര സമാധി പിന്നീട് ശക്തിസ്ഥൽ എന്നറിയപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചർ അടക്കം നിരവധി ലോക നേതാക്കൾ ഇന്ദിരക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. മകൻ രാജീവ് ഗാന്ധി ഇടക്കാല പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.