ഹുൻസൂരിൽ കെ.എസ്.ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് നാലുമരണം
text_fieldsബംഗളൂരു: മൈസൂരു ഹുൻസൂരിൽ കർണാടക ആർ.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ബസ് ഡ്രൈവർ അടക്കം ആറുപേർക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഹുൻസൂർ സിറ്റിക്ക് സമീപം അയ്യപ്പസ്വാമി ഹിൽസിലാണ് അപകടം.
വീരാജ്പേട്ടിൽനിന്ന് ബംഗളൂരുവിലേക്ക് വരികയായിരുന്ന കെ.എ 51 എ.ജെ. 0279 ഇലക്ട്രിക് ബസും എച്ച്.ഡി കോട്ടെയിൽനിന്ന് പെരിയപട്ടണയിലെ ഇഞ്ചിപ്പാടത്തേക്ക് ഒമ്പതു യാത്രികരുമായി പോകുകയായിരുന്ന കെ.എ 12 പി. 1968 ജീപ്പുമാണ് അപകടത്തിൽപെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് എതിരെ വന്ന ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. പെരിയപട്ടണയിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പിൽ നിറയെ ആളുകളുണ്ടായിരുന്നു. ഇവർ എച്ച്.ഡി കോട്ടെ സ്വദേശികളാണെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ ഹുൻസൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ മൂന്നുപേരുടെ നില അതിഗുരുതരമാണ്.
ജീപ്പിന്റെ ഡ്രൈവർ ദമ്മനക്കട്ടെ വില്ലേജ് സ്വദേശി മനു (28), എച്ച്.ഡി കോട്ടെ ജിയര വില്ലേജ് സ്വദേശികളായ തൊഴിലാളികളായ ലോകേഷ് (35), രാജേഷ് (38), സോമേഷ് (40) എന്നിവരാണ് മരിച്ചത്. മനുവിന്റെ പിതാവും ലേബർ കോൺട്രാക്ടറുമായ ഗോപാലും ജീപ്പിലുണ്ടായിരുന്നു. ഇയാൾക്ക് പുറമെ, തൊഴിലാളികളായ രവി (29), സന്നസ്വാമി (45), നിംഗരാജു (30), കരിയപ്പ (30) എന്നിവർക്കും ബസ് ഡ്രൈവർ കുമാരസ്വാമിക്കും പരിക്കേറ്റു. നിംഗരാജു, കുമാരസ്വാമി എന്നിവരെ മൈസൂരു കെ.ആർ ആശുപത്രിയിലും മറ്റുള്ളവരെ ഹുൻസുർ ഗവ. ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
അപകടത്തെത്തുടർന്ന് റൂട്ടിൽ ഗതാഗതം അൽപനേരത്തേക്ക് തടസ്സപ്പെട്ടു. വിവരമറിഞ്ഞെത്തിയ ഹുൻസൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കർണാടക ആർ.ടി.സി അധികൃതർ അപകടസ്ഥലത്തെത്തി. മരണപ്പെട്ടവരുടെ കുടുംബത്തിന് താൽക്കാലിക ധനസഹായമായി കാൽ ലക്ഷം രൂപ വീതം നൽകി. ബാക്കി സഹായം പിന്നീട് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.