ഡൽഹി കോർപ്പറേഷന്റെ ട്രക്ക് മറിഞ്ഞ് നാലു വയസുകാരനുൾപ്പെടെ നാലു മരണം
text_fieldsന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ ട്രക്ക് റോഡ് അറ്റകുറ്റപ്പണി നടത്തുന്ന തൊഴിലാളികൾക്ക് മേൽ മറിഞ്ഞു വീണ് നാലു വയസുകാരനുൾപ്പെടെ നാലു പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. സെൻട്രൽ ഡൽഹിയിലെ ആനന്ദ് പർബതിൽ മൊയ്ൻ റോഷ്തക് റോഡിലാണ് അപകടം നടന്നത്. ശനിയാഴ്ച പുലലർച്ചെ ഒരു മണിയോടെയാണ് സംഭവം. തൊഴിലാളിയുടെ നാലുവയസുകാരനായ മകൻ റോഡിൽ കളിക്കുകയായിരുന്നു.
മധ്യപ്രദേശിലെ തിക്കംഗഡിൽ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. ട്രക്കിന്റെ ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇദ്ദേഹം അപകടം നടന്നയുടൻ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടുവെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണർ സഞ്ജയ് കുമാർ സെയ്ൻ പറഞ്ഞു.
അപകടം നടന്നതായുള്ള വിവരം പൊലീസിന് ലഭിക്കുന്നത് പുലർച്ചെ 1.27നാണ്. ട്രക്ക് മറിഞ്ഞുവെന്നും അഞ്ചുപേർ അടിയിൽ പെട്ടതായി കരുതുന്നുവെന്നുമാണ് ആദ്യ വിവരം ലഭിച്ചത്. സ്ഥലത്തെത്തി ക്രെയ്നിന്റെ സഹായത്തോടെ വാഹനത്തിന് അടിയിൽ പെട്ടവരെ പുറത്തെത്തിച്ചു. എന്നാൽ മൂന്നു പേർ സംഭവ സ്ഥലത്തു തന്നെ മരിച്ചിരുന്നു. പരിക്കേറ്റ തൊഴിലാളി കില്ലുവിനെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.
അമിത വേഗതയിലെത്തിയ ട്രക്കിന് വളവിൽ നിയന്ത്രണം നഷ്ടമായി മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ട്രക്ക് ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.