നാലംഗ ശ്രീലങ്കൻ അഭയാർഥി കുടുംബം തമിഴ്നാട്ടിലെത്തി
text_fieldsചെന്നൈ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽനിന്ന് നാലംഗ കുടുംബം അഭയാർഥികളായി തമിഴ്നാട്ടിലെത്തി. അന്തോണി നിഷാന്ത് ബർണാഡോ (34), ഭാര്യ എൻ. രഞ്ജിത (29), മക്കളായ ജെനുസരിക (പത്ത്), ആകാശ് (രണ്ട്) എന്നിവരാണ് വെള്ളിയാഴ്ച പുലർച്ച രണ്ടോടെ ശ്രീലങ്കയിലെ മാന്നാർ ഭാഗത്തുനിന്ന് ഫൈബർ ബോട്ടിൽ ധനുഷ്‌കോടി അരിച്ചൽമുനൈ ബീച്ചിൽ വന്നിറങ്ങിയത്. ഇവരെ ഇറക്കിവിട്ട സ്പീഡ് ബോട്ട് ഉടൻ മടങ്ങിയിരുന്നു.
രാവിലെ അഞ്ചുമണിയോടെ കടലിന് സമീപമുള്ള തുരുത്തിൽവെച്ചാണ് മത്സ്യത്തൊഴിലാളികൾ ഇവരെ കാണുന്നത്. തുടർന്ന് മറൈൻ പൊലീസും നാവികസേനയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിനാൽ ധനുഷ്കോടി പൊലീസ് ഇവരിൽനിന്ന് വിവരശേഖരണം നടത്തി കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ കുടുംബത്തെ മണ്ഡപം ക്യാമ്പിലേക്ക് മാറ്റി.
മാർച്ച് 22ന് തമിഴ്നാട്ടിലെത്തിയ 16 അംഗ അഭയാർഥി സംഘവും മണ്ഡപം ക്യാമ്പിലാണ് താമസിക്കുന്നത്. വരും ദിവസങ്ങളിൽ അഭയാർഥി പ്രവാഹം ശക്തിപ്പെടുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.