മഹാരാഷ്ട്രയിൽ നാല് മന്ത്രിമാർക്ക് കോവിഡ്
text_fieldsമുംബൈ: ഇടവേളയ്ക്കു ശേഷം കോവിഡ് രോഗികളുടെ എണ്ണം വീണ്ടും പെരുകുന്ന മഹാരാഷ്ട്രയിൽ ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അടക്കം നാലു മന്ത്രിമാർക്ക് കോവിഡ്. ജലവിഭവ മന്ത്രിയും എൻ സി പി സംസ്ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ, അദ്ദേഹത്തിന്റെ വകുപ്പിലെ സഹമന്ത്രി ബാച്ചു കാഡു, ഭക്ഷ്യമന്ത്രി രാജേന്ദ്ര ശിങ്ങ്നെ എന്നിവരാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച മറ്റ് മന്ത്രിമാർ. ഇവർക്കു പുറമേ ഈയിടെ ബിജെപി വിട്ട് എൻസിപിയിൽ ചേർന്ന ഏകനാഥ് ഖഡ്സെക്കും രോഗം സ്ഥിരീകരിച്ചു. രണ്ടാം വട്ടമാണ് ഇദ്ദേഹത്തിന് കോവിഡ് ബാധിക്കുന്നത്.
കോവിഡ് രോഗികളുടെ എണ്ണം വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ വിദർഭയിലെ യവത്മാലിൽ രണ്ട് ദിവസത്തേക്ക് ഇളവുകൾ പിൻവലിച്ച് ലോക് ഡൗൺ നിയന്ത്രണങ്ങൾ കർക്കശമാക്കി. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ മുംബൈ നഗരസഭയും നിബന്ധനകൾ പുറപ്പെടുവിച്ചു. പാലിക്കാത്തവർക്ക് എതിരെ നിയമനടപടികളും ശക്തമാക്കി.
വ്യാഴാഴ്ച മുംബൈയിൽ 736 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നാലു പേർ മരിക്കുകയും ചെയ്തു. നിത്യവും കണ്ടെത്തുന്ന രോഗികളുടെ എണ്ണം ആയിരം കവിയുന്ന പക്ഷം പൂർണ്ണ ലോക്ഡൗൺ അല്ലാതെ മറ്റ് മാർഗമില്ലെന്ന് സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.