മമതയുടെ കാബിനറ്റിൽ നാലുമന്ത്രിമാരെ 'കാണാനില്ല'; ബി.ജെ.പിയിൽ 'പൊങ്ങുമോ' എന്ന് ആശങ്ക
text_fieldsകൊൽക്കത്ത: ബംഗാളിെല നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ബി.െജ.പിയിലേക്ക് ചേക്കാറാനൊരുങ്ങി കൂടുതൽ നേതാക്കൾ. കഴിഞ്ഞദിവസം മുഖ്യമന്ത്രി മമത ബാനർജി വിളിച്ച നിർണായക മന്ത്രിസഭ യോഗത്തിൽ നാലു മന്ത്രിമാർ പങ്കെടുത്തില്ല. മന്ത്രിമാരുടെ അസാന്നിധ്യം തൃണമൂലിൽ കൂടുതൽ പൊട്ടിത്തെറിയുണ്ടായേക്കാമെന്ന സൂചനയാണ് നൽകുന്നത്. അമിത് ഷായുടെ നേതൃത്വത്തിൽ കൂടുതൽ തൃണമൂൽ നേതാക്കളെ ബി.ജെ.പി പാളയത്തിെലത്തിക്കാൻ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് വിവരം.
രജീബ് ബാനർജി, രബീന്ദ്രനാഥ് ഘോഷ്, ഗൗതം ദേബ്, ചന്ദ്രനാഥ് സിൻഹ എന്നിവരാണ് മന്ത്രിസഭയോഗത്തിൽനിന്ന് വിട്ടുനിന്നത്. മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് മൂന്നുമന്ത്രിമാർ നേരത്തേ അറിയിച്ചിരുന്നതായി തൃണമൂൽ സെക്രട്ടറി ജനറൽ പാർഥ ചാറ്റർജി അറിയിച്ചു. എന്നാൽ വനംമന്ത്രി രജീബ് ബാനർജി യോഗത്തിൽ പങ്കെടുക്കാത്തതിന് കാരണമെന്താണെന്ന് യാതൊരു വിവരമില്ല. തൃണമൂലിലെ ഏകാധിപത്യത്തിനെതിരെ രജീബ് ബാനർജി നേരത്തേ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച പാർഥ ചാറ്റർജിയുമായി ഒരാഴ്ചക്കുള്ളിൽ രണ്ടാംതവണയും രജീബ് ചാറ്റർജി കൂടിക്കാഴ്ച നടത്തിയിരുന്നു. തൃണമൂൽ നേതൃത്വത്തെ സംബന്ധിച്ച ആശങ്ക അറിയിക്കുകയും ചെയ്തു.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചക്ക് ശേഷം തൃണമൂൽ വിട്ട് ബി.ജെ.പിയിൽ എത്തിയ സുവേന്ദു അധികാരിയുമായി തന്നെ തുലനം ചെയ്യരുതെന്ന് രജീബ് ബാനർജി പ്രതികരിച്ചിരുന്നു. അതേസമയം സുവേന്ദുവിന് പിന്നാലെ രജീബിനെയും പാർട്ടിയിലെത്തിക്കാൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. നിയമസഭ തെരെഞ്ഞടുപ്പ് ലക്ഷ്യം വെച്ചാണ് അമിത്ഷായുടെ നീക്കം. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അമിത് ബംഗാളിൽ സ്ഥിരം സന്ദർശകനാകുമെന്നാണ് വിവരം.
2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ േകാൺഗ്രസിൽനിന്ന് വൻ കൊഴിഞ്ഞുേപാക്കുണ്ടായിരുന്നു. ഇക്കാലയളവിൽ തൃണമൂലിന്‍റെ വമ്പൻ ശക്തികളിലൊന്നായ സുവേന്ദു അധികാരി ഉൾപ്പെടെ എം.പിമാരും എം.എൽ.എമാരുമടക്കം 15 പേരാണ് ബി.ജെ.പി ക്യാമ്പിലെത്തിയത്. ഇതിനുപുറമെ അമിത് ഷായുടെ ബംഗാൾ സന്ദർശന വേളയിൽ 20ലധികം പ്രാദേശിക നേതാക്കളും ബി.ജെ.പിയിലെത്തി.
അതേസമയം തെരഞ്ഞെടുപ്പിനെ നേരിടാൻ തൃണമൂലും പടെയാരുക്കം നടത്തുന്നുണ്ട്്. കഴിഞ്ഞദിവസം ബി.ജെ.പിയുടെ യുവമോർച്ച ദേശീയ അധ്യക്ഷനും ബിഷ്ണുപുർ എം.പിയുമായ സൗമിത്ര ഖാന്‍റെ ഭാര്യ സുജാത മൊണ്ഡാൽ ഖാൻ തൃണമൂലിൽ എത്തിയിരുന്നു. ഇവരുടെ പ്രവർത്തനം നേരത്തേ ശ്രദ്ധയാകർഷിച്ചിരുന്നു. സൗമിത്ര ഖാന്‍റെ വിജയത്തിന് പിന്നിലെ പ്രധാന വ്യക്തിത്വം സുജാതയായിരുന്നു. കൂടാതെ ബിമൽ ഗുരുങ്ങിന്‍റെ ഖൂർഖ ജനമുക്തി മോർച്ച മമതക്ക് പിന്തുണ പ്രഖ്യാപിച്ചു. ഒരു ദശാബ്ദത്തിലേറെയായി എൻ.ഡി.എ സഖ്യകക്ഷിയായിരുന്നു ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.