ഓടിയെത്തിയപ്പോൾ യസീം കണ്ടത് തവിടുപൊടിയായ വീടും പിതാവടക്കം കുടുംബത്തിലെ നാലുപേരുടെ മൃതദേഹവും...
text_fieldsമുംബൈ: ആ ദുരന്തകഥ വിവരിക്കുേമ്പാൾ ഷെയ്ഖ് മുഹമ്മദ് യസീമിന് കരച്ചിലടക്കാനാവുന്നില്ല. കനത്ത മഴ തളർത്തിയ മുംബൈ മഹാനഗരത്തിൽ ഗോവണ്ടിയിലെ ശിവാജി നഗറിലുള്ള തങ്ങളുടെ ബഹുനിലവീട് നിലംപൊത്തിയപ്പോൾ യസീമിന് നഷ്ടമായത് പിതാവ് ഉൾപെടെ അടുത്ത ബന്ധുക്കളായ നാലുപേരെയാണ്. സഹോദരനും മാതാവുമടക്കമുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റിരിക്കുന്നു. തന്‍റെ മൊബൈൽ റിപ്പയർ ഷോപ്പിൽ രാത്രി കിടന്നുറങ്ങിയതുകൊണ്ടാണ് അപകടത്തിൽനിന്ന് യസീം രക്ഷപ്പെട്ടത്.
'പുലർച്ചെ മൊബൈൽ ഫോൺ അടിക്കുന്നതുകേട്ടാണ് ഞാൻ ഉണർന്നത്. അയൽവാസികളിലൊരാളാണ് വിളിച്ചത്. എത്രയും പെട്ടെന്ന് വീട്ടിലേക്ക് വരാൻ പറഞ്ഞു. എന്താണ് കാര്യമെന്നൊന്നും പറഞ്ഞില്ല. പാതി ഉറക്കത്തിലായിരുന്ന ഞാൻ അപ്പോൾ തന്നെ വീട്ടിലെത്തി. അവിടെയെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയം പിളർക്കുന്നതായിരുന്നു. വീട് മുഴുവൻ തകർന്നു കിടക്കുന്നു. ചുറ്റും നിലവിളികൾ. പിന്നീട് കാണുന്നത് പിതാവിന്‍റെയും ബന്ധുക്കളുടെയും മൃതശരീരങ്ങളാണ്. എന്തു ചെയ്യണമെന്നറിയാതെ ആകെ തകർന്നുനിൽക്കുന്നതിനിടയിലാണ് മൃതദേഹങ്ങൾക്കൊപ്പം നടപടിക്രമങ്ങൾക്കായി പോകുന്നതിന് പൊലീസ് എന്നെ ആംബുലൻസിൽ കയറ്റിയത്' -കരഞ്ഞുകൊണ്ട് യസീം പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം. നാലു പേർ മരിച്ച ദുരന്തത്തിൽ 11പേർക്കാണ് പരിക്കുപറ്റിയത്. യസീം തന്‍റെ സമയം അധികവും ചെലവഴിച്ചിരുന്നത് കടയിലായിരുന്നു. ഭക്ഷണം കഴിക്കാനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കുമായി ഇടക്കിടെ വീട്ടിലെത്തും. 'ഈ രണ്ടുനില വീട് കുറച്ചുവർഷങ്ങൾക്കു മുമ്പാണ് ഞങ്ങളുടെ കുടുംബം വാങ്ങിയത്. അതാണിപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നിരിക്കുന്നത്. വീടു തകർന്ന് വീണ് അയൽപക്കത്തെ ചില വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. അയൽക്കാരിൽ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്'- രാജവാഡി ഹോസ്പിറ്റലിന്റെ അത്യാഹിത വിഭാഗത്തിന് പുറത്തിരുന്ന്, 40കാരനായ യസീം പറഞ്ഞു.
'കഴിഞ്ഞ രാത്രിയിൽ എന്‍റെ കുടുംബം മുഴുവൻ വീട്ടിലുണ്ടായിരുന്നു. താഴത്തെ നിലയിലാണ് മാതാവും കസിൻസും കിടന്നുറങ്ങിയത്. സഹോദരൻ പർവേസ് ഷെയ്ഖും അവന്‍റെ ഭാര്യയും മറ്റൊരു കസിനും ഒന്നാം നിലയിലും പിതാവ് സബീർ ഷെയ്ഖ് രണ്ടാം നിലയിലുമായിരുന്നു. കെട്ടിടം തകർന്നപ്പോൾ പിതാവും രണ്ടു കസിൻസും സഹോദര ഭാര്യയുമാണ് മരിച്ചത്. സോഫ ബിസിനസ് നടത്തുന്ന പർവേസിന് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പുകമ്പികൾ ഉൾപ്പെടെ അവശിഷ്ടങ്ങൾ അവന്‍റെ നെഞ്ചിലാണ് പതിച്ചത്. മാതാവിന് കാലിനാണ് പരിക്കേറ്റത്'- യസീം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.