ബജറ്റിലെ അവഗണന; നീതി ആയോഗ് യോഗം ബഹിഷ്കരിക്കുമെന്ന് സ്റ്റാലിനും കോൺഗ്രസും
text_fieldsന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ സംസ്ഥാനങ്ങളോട് കാണിച്ച അവഗണനയിൽ പ്രതിഷേധിച്ച് ജൂലൈ 27ന് നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാർ.
തമിഴ്നാട്, കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് യോഗം ബഹിഷ്കരിക്കാനുള്ള തീരുമാനം ആദ്യം അറിയിച്ചത്.
"മുമ്പ് ബജറ്റ് പ്രസംഗങ്ങൾ 'തിരുക്കുറൽ' കൊണ്ട് ആരംഭിച്ച നിർമല സീതാരാമന്‍റെ പുതിയ ബജറ്റ് പ്രസംഗത്തിൽ ഒരിക്കൽ പോലും 'തമിഴ്' അല്ലെങ്കിൽ 'തമിഴ്നാട്' എന്ന വാക്കുകൾ പ്രത്യക്ഷപ്പെടുന്നില്ല. തമിഴ്നാടിനെതിരായ നഗ്നമായ അവഗണനയുടെ വെളിച്ചത്തിൽ, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ജൂലൈ 27-ന് ചേരാനിരിക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചു" - സ്റ്റാലിൻ എക്സിൽ കുറിച്ചു.
കോൺഗ്രസ് നേതാവും എം.പിയുമായ കെ.സി. വേണുഗോപാലാണ് കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ ബഹിഷ്‌കരണ തീരുമാനം പ്രഖ്യാപിച്ചത്. കേന്ദ്ര ബജറ്റ് അങ്ങേയറ്റം വിവേചനപരവും അപകടകരവുമായിരുന്നു. അത് കേന്ദ്രസർക്കാർ പാലിക്കേണ്ട ഫെഡറലിസത്തിന്‍റെയും നീതിയുടെയും തത്വങ്ങൾക്ക് വിരുദ്ധമാണ്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മുഖ്യമന്ത്രിമാർ ജൂലൈ 27ന് നടക്കുന്ന നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കുമെന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.