ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ച നാല് പേർ അറസ്റ്റിൽ
text_fieldsമുംബൈ: ഇരുതലമൂരിയെ വിൽപ്പനയ്ക്കായി കൊണ്ടുവരുന്നതിനിടെ നാല് പേർ പിടിയിൽ. ഇരുതലമൂരിയെ വിൽക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മുംബൈയിലെ കഫെ പരേഡ് എന്ന പ്രദേശത്ത് ഇരുതലമൂരിയെ അനധികൃതമായി വിൽപന നടത്തുന്നുവെന്ന് അസിസ്റ്റന്‍റ് പൊലീസ് ഇൻസ്‌പെക്ടർ അമിത് ദിയോകർക്ക് ലഭിച്ച വിവരത്തെ തുടർന്ന് വാഹനങ്ങൾ പരിശോധിച്ചപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ അഞ്ച് കിലോഗ്രാം ഭാരമുള്ള ഇരുതലമൂരിയെ കണ്ടെത്തിയത്. 30 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.
നരസിംഹ സത്യമ ധോതി (40), ശിവ മല്ലേഷ് അഡാപ് (18), രവി വസന്ത് ഭോയർ (54), അരവിന്ദ് ഗുപ്ത (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭോയറും ഗുപ്തയും മുംബൈ സ്വദേശികളാണ്. ധോതിയും അഡാപ്പും തെലങ്കാന സ്വദേശികളുമാണ്. ഇവർക്കെതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം പൊലീസ് കേസെടുത്തു.
പാമ്പു വർഗത്തിൽപ്പെട്ട ഒരു ജീവിയാണ് ഇരുതലമൂരി. ഇവയുടെ തലയും വാലും ഒരുപോലെ ആയതിനാൽ ആണ് ഇവക്ക് ഈ പേര് ലഭിച്ചത്. ഇരുതലമൂരിയെ സൂക്ഷിച്ചാൽ ഭാഗ്യമെത്തും എന്ന അന്ധവിശ്വാസത്തിന്റെ മറവിലാണ് ഇവയ്ക്ക് ആവശ്യക്കാരെത്തുന്നത്. ഇതിനെ പിടികൂടുന്നതും വിൽക്കുന്നതും കൊല്ലുന്നതും കുറ്റമാണ്. അദ്ഭുത സിദ്ധികൾ ഇരുതലമൂരിക്ക് ഉണ്ടെന്നും ഇവയെ വീട്ടിൽ സൂക്ഷിച്ചാൽ ഭാഗ്യം തേടിയെത്തുമെന്നും വിശ്വസിപ്പിച്ചാണ് സംഘങ്ങൾ ഇവയെ തേടിയെത്തുന്നത്. രാജ്യാന്തര വിപണിയിൽ ചിലയിനം മരുന്നുകളുടെയും സൗന്ദര്യവർധക വസ്തുക്കളുടെയും നിർമാണത്തിനും ഇവയെ ഉപയോഗിക്കാറുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.