കർണാടകയിൽ മുസ്ലിംകളുടെ നാല് ശതമാനം ഒ.ബി.സി സംവരണം റദ്ദാക്കി
text_fieldsബംഗളൂരു: കർണാടകയിൽ മുസ്ലിംകള്ക്കുള്ള നാലു ശതമാനം ഒ.ബി.സി സംവരണം സർക്കാർ റദ്ദാക്കി. ഇതുവരെ മുസ്ലിംകള്ക്കുണ്ടായിരുന്ന സംവരണം സംസ്ഥാനത്തെ പ്രമുഖ സമുദായങ്ങളായ ലിംഗായത്തിനും വൊക്കലിഗർക്കും വീതിച്ചുനൽകും.ഇത്തരത്തിൽ രണ്ടു ശതമാനം വീതം ഈ സമുദായങ്ങൾക്ക് നൽകുകയാണ് ചെയ്തത്. 10 ശതമാനം വരുന്ന മുന്നാക്ക സംവരണത്തില്‍ (ഇ.ഡബ്ല്യു.എസ്) മുസ്ലിം വിഭാഗത്തെ ഉള്‍പ്പെടുത്താനും വെള്ളിയാഴ്ച ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. മേയിൽ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.
പുതിയ നടപടിയോടെ വൊക്കലിഗക്കാരുടെ ഒ.ബി.സി സംവരണം ആറു ശതമാനവും ലിംഗായത്തിന്റെ സംവരണം ഏഴു ശതമാനവുമായി ഉയർന്നു. സംവരണം ഉയർത്തണമെന്ന ഇരു വിഭാഗത്തിന്റെയും ആവശ്യം അംഗീകരിച്ചതോടെ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ. ലിംഗായത്തിലെ ഉപവിഭാഗമായ പഞ്ചമശാലികളും സംവരണത്തിനായി സമ്മർദം ശക്തമാക്കിയിട്ടുണ്ട്. ബി.ജെ.പിയുടെ ന്യൂനപക്ഷവിരുദ്ധ സമീപനമാണ് പുതിയ തീരുമാനത്തിലൂടെ പുറത്തുവന്നതെന്ന് ആക്ഷേപമുണ്ട്.
അതിനിടെ, തദ്ദേശ സ്ഥാപനങ്ങളിലെ രാഷ്ട്രീയ സംവരണവും ഒ.ബി.സി സംവരണവും സംബന്ധിച്ച കമീഷന് റിപ്പോര്‍ട്ട് 2023 മാര്‍ച്ച് 31നുള്ളില്‍ സമര്‍പ്പിക്കാന്‍ കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതി സമയം അനുവദിച്ചിട്ടുണ്ട്.രാഷ്ട്രീയ പിന്നാക്കാവസ്ഥയെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ഇതുസംബന്ധിച്ച തീരുമാനമുണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.