ദുരഭിമാന കൊലക്കേസിൽ നാലു പേർക്ക് വധശിക്ഷ; പ്രതികൾ കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കൾ
text_fieldsകൊല്ലപ്പെട്ട രമേഷ് മദാർ, ഭാര്യ ഗംഗമ്മ റാത്തോഡ്, വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾ
മംഗളൂരു: ഉയർന്ന ജാതിയിലെ യുവതിയും പട്ടികജാതി യുവാവും തമ്മിൽ നടന്ന വിവാഹത്തിൽ ദുരഭിമാനം പൂണ്ട് ഇരുവരേയും നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിൽ നാലു പേർക്ക് വധശിക്ഷ. മിശ്രവിവാഹിതരായ രമേഷ് മദാര (29), ഗംഗമ്മ റാത്തോഡ് (23) ദമ്പതികളെ ക്രൂരമായി ആക്രമിച്ച് വെട്ടിക്കൊന്ന സംഭവത്തിലാണ് ഗഡക് ജില്ല ജില്ല സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. ഗംഗമ്മ റാത്തോഡിന്‍റെ പിതൃസഹോദരന്മാരായ രവികുമാർ റാത്തോഡ്, രമേഷ് റാത്തോഡ്, അമ്മാവന്മാരായ ശിവപ്പ, പരശുരാമ റാത്തോഡ് എന്നിവർക്കാണ് കേസിലെ പ്രതികൾ.
2019 നവംബർ ആറിനായിരുന്നു കേസിനാസ്പദ സംഭവം. ദലിതനായ രമേഷ് ഉയർന്ന ജാതിക്കാരിയായ ഗംഗമ്മയെ വിവാഹം ചെയ്തതിലെ ദുരഭിമാനമായിരുന്നു കൂട്ടക്കൊലക്ക് പിന്നിൽ. പരശുരാമ റാത്തോഡ് കർണാടക ആർ.ടി.സിയിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഗഡഗ് ജില്ലയിലെ ഗജേന്ദ്രഗഡിനടുത്തുള്ള ലക്കലകട്ടി ഗ്രാമത്തിൽ ദീപാവലി ആഘോഷിക്കാൻ ദമ്പതികൾ മടങ്ങുമ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
ഗംഗമ്മയുടെ സഹോദരങ്ങൾ ദമ്പതികളുടെ വസതിയിൽ അതിക്രമിച്ച് കയറി അവരെ പുറത്തേക്ക് വലിച്ചിഴച്ച് പിഞ്ചുമക്കളുടെ മുന്നിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കത്തികൾ, മൂർച്ചയേറിയ ആയുധങ്ങൾ, കല്ലുകൾ, വടികൾ എന്നിവ ഉപയോഗിച്ച് പ്രതികൾ ആൾക്കൂട്ടം നോക്കിനിൽക്കെയാണ് ആക്രമിച്ചത്. പിന്നീട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
രമേഷ് മദാരയുടെ കുടുംബം ഗജേന്ദ്രഗഡ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് ഐ.പി.സി സെക്ഷൻ 427 (നാശമുണ്ടാക്കുന്ന ദ്രോഹം), 449 (ഗുരുതരമായ കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശത്തോടെയുള്ള ഭവന അതിക്രമം), 302 (കൊലപാതകം), 506 (2) (കടുത്ത ഭീഷണി ഉൾപ്പെടുന്ന ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
2017 ഏപ്രിൽ രണ്ടിന് സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു രമേഷിന്‍റെയും ഗംഗമ്മയുടെയും പ്രണയ വിവാഹം. ഗംഗമ്മ ബഞ്ചാര സമുദായത്തിൽ നിന്നും രമേഷ് മദാർ പട്ടികജാതി വിഭാഗത്തിൽ നിന്നുമാണ്. മാതാപിതാക്കളുടെ എതിർപ്പ് അവഗണിച്ച് ദമ്പതികൾ ശിവമോഗയിലേക്ക് താമസം മാറ്റുകയായിരുന്നു. ദമ്പതികൾക്ക് രണ്ട് വയസ്സുള്ള ആൺകുട്ടിയും രണ്ട് മാസം പ്രായമുള്ള പെൺകുഞ്ഞും ഉണ്ടായിരുന്നു.
ഈ കേസുമായി ബന്ധപ്പെട്ട് ആക്ഷൻ ടേക്കൺ റിപ്പോർട്ട് (എ.ടി.ആർ) സമർപ്പിക്കാത്തതിന് കർണാടക സംസ്ഥാന മനുഷ്യാവകാശ കമീഷൻ അടുത്തിടെ സംസ്ഥാന സർക്കാറിനെ കുറ്റപ്പെടുത്തിയിരുന്നു. സംസ്ഥാന മനുഷ്യാവകാശ കമീഷൻ രജിസ്ട്രാർ സാമൂഹികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പി. മണിവണ്ണന് മുന്നറിയിപ്പ് നൽകുകയും വീഴ്ച ഗൗരവമായി പരിഗണിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. സാമൂഹിക ക്ഷേമ വകുപ്പ് 1993ലെ മനുഷ്യാവകാശ നിയമത്തിലെ സെക്ഷൻ ഇ ലംഘിച്ചതായും കമീഷൻ വ്യക്തമാക്കി.
മാതാപിതാക്കൾ കൊലപ്പെട്ട ശേഷം അനാഥരായ കുട്ടികളുടെ അവസ്ഥയെ കുറിച്ച് കമീഷൻ റിപ്പോർട്ട് തേടിയിരുന്നു. ദമ്പതികൾ കൊല്ലപ്പെട്ട സാഹചര്യം ചൂണ്ടിക്കാട്ടിയ കമീഷൻ അക്രമം തടയുന്നതിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ജില്ല പൊലീസ് സൂപ്രണ്ടിന് നോട്ടീസും അയച്ചിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവരുടെ ജീവന് ഭീഷണിയില്ലാതെ കാക്കുന്നതിന്നുമുള്ള പദ്ധതികളെ കുറിച്ച് കമീഷൻ ആവർത്തിച്ച് റിപ്പോർട്ട് തേടുകയും ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.