മുരുഡേശ്വർ ബീച്ചിൽ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു; ആറ് അധ്യാപകർ അറസ്റ്റിൽ
text_fieldsമംഗളൂരു: ഉത്തര കന്നട ജില്ലയിലെ മുരുഡേശ്വർ ബീച്ചിൽ ഒമ്പതാം ക്ലാസുകാരായ നാല് വിദ്യാർഥിനികൾ മുങ്ങിമരിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയുണ്ടായ ദുരന്തത്തിൽ ഒരു വിദ്യാർഥിനിയുടെ മൃതദേഹം തത്സമയവും മൂന്ന് മൃതദേഹങ്ങൾ ബുധനാഴ്ചയും കണ്ടെടുത്തു. അകമ്പടി സേവിച്ച ആറ് അധ്യാപകരെ പൊലീസ് അറസ്റ്റ് ചെയ്തു. മരിച്ച കുട്ടികളുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അഞ്ചു ലക്ഷം രൂപ വീതം സഹായം പ്രഖ്യാപിച്ചു.
കോലാർ ജില്ലയിലെ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിൽനിന്നുള്ള വിനോദ -പഠന സംഘത്തിലെ നാല് വിദ്യാർഥികളാണ് മുങ്ങിമരിച്ചത്. 46 വിദ്യാർഥികളും ആറ് അധ്യാപകരും അടങ്ങുന്ന സംഘം ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെ ബീച്ചിലേക്ക് പോയതായി പൊലീസ് പറഞ്ഞു. ലൈഫ് ഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ച് ഏഴ് വിദ്യാർഥികൾ കടലിൽ ഇറങ്ങിയപ്പോൾ കൂടെയുണ്ടായിരുന്ന അധ്യാപകർ ഇടപെട്ടില്ല. കടൽ പ്രക്ഷുബ്ധമായിരുന്നു, മൂന്ന് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു, മറ്റൊരു പെൺകുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മുളബാഗിലു താലൂക്കിലെ പൂജാറഹള്ളി ഗോപാലപ്പയുടെ മകൾ ശ്രാവന്തിയാണ് ചൊവ്വാഴ്ച മരിച്ചത്.
മുൽബഗൽ താലൂക്കിലെ എൻ.ഗദ്ദൂരിലെ ജയരാമപ്പയുടെ മകൾ ദീക്ഷ, ഹബ്ബാനി ഗ്രാമത്തിലെ ചന്നാരെദ്ദപ്പയുടെ മകൾ ലാവണ്യ, ദൊഡ്ഡഗട്ടഹള്ളി സ്വദേശി മുനിരാജിന്റെ മകൾ വന്ദന എന്നിവരുടെ മൃതദേഹങ്ങൾ ബുധനാഴ്ച ലൈഫ് ഗാർഡുകൾ, ഹോം ഗാർഡുകൾ, മത്സ്യത്തൊഴിലാളികൾ, പൊലീസ് എന്നിവർ ഉൾപ്പെട്ട തിരച്ചിൽ സംഘം പുറത്തെടുത്തു. യശോദ, വീക്ഷണ, ലിപിക എന്നിങ്ങനെ മൂന്ന് കുട്ടികൾ നീന്തിക്കയറി.ഇന്ത്യൻ ശിക്ഷാനിയമം സെക്ഷൻ 106 (അശ്രദ്ധ മൂലം മരണത്തിന് കാരണമായത്) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ആറ് അധ്യാപകരുടെ അറസ്റ്റും രേഖപ്പെടുത്തിയതായി ഉത്തര കന്നട ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായണ പറഞ്ഞു. അധ്യാപകരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
മരിച്ച കുട്ടികളുടെ മാതാപിതാക്കളെ അനുശോചനം അറിയിച്ച മുഖ്യമന്ത്രി കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ‘യാത്രകളിൽ അധ്യാപകർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതായിരുന്നു. അപകടകരമായ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ കുട്ടികളുടെ മേൽനോട്ടം വഹിക്കണം. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദന ഞാൻ മനസ്സിലാക്കുന്നു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കരുതേ എന്ന് പ്രാർഥിക്കുന്നു’- മുഖ്യമന്ത്രി എക്സിൽ കുറിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.