മണിപ്പൂർ ബി.ജെ.പിയിൽ അമർഷം പുകയുന്നു; 12 ദിവസത്തിനിടെ നാലാമത്തെ എം.എൽ.എയും ഔദ്യോഗിക പദവി രാജിവെച്ചു
text_fieldsന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെതിരെ ബി.ജെ.പിയിലെ ഒരു വിഭാഗം എം.എൽ.എമാർക്കിടയിൽ അമർഷം പുകയുന്നു. ഭരണകക്ഷി എം.എൽ.എയായ രഘുമണി സിങ് മണിപ്പൂർ റിന്യൂവബിൾ എനർജി ഡെവലപ്‌മെന്റ് ഏജൻസി (മണിറെഡ) ചെയർമാൻ സ്ഥാനം രാജിവച്ചതാണ് പുതിയ സംഭവ വികാസം. 12 ദിവസത്തനിടെ നാലാമത്തെ എം.എൽ.എയാണ് ഔദ്യോഗിക പദവി രാജിവക്കുന്നത്. അർഹമായ ഉത്തരവാദിത്തമോ ഫണ്ടോ അധികാരമോ നൽകിയിട്ടില്ലെന്ന് ആരോപിച്ച് സിങിന്‍റെ രാജി. ഉറിപോക്ക് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ് സിങ്.
നേരത്തെ, ബി.ജെ.പി എം.എൽ.എമാരായ തോക്‌ചോം രാധേഷാം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് സ്ഥാനവും കരം ശ്യാം മണിപ്പൂർ സ്റ്റേറ്റ് ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. ഇരുവരും ബിരേൻ സിങിന്റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാരിൽ മന്ത്രിമാരായിരുന്നു. പവോനം ബ്രോജൻ സിങ് മണിപ്പൂർ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ ചെയർമാൻ സ്ഥാനവും രാജിവച്ചിട്ടുണ്ട്.
ഏതാനും ബി.ജെ.പി എം.എൽ.എമാർ കൂടി തങ്ങളുടെ സ്ഥാനങ്ങൾ രാജിവെക്കാൻ സാധ്യതയുണ്ടെന്നും മണിപ്പൂരിലെ കാര്യങ്ങളിൽ കേന്ദ്ര നേതൃത്വവുമായി വലിപേശലാണ് ഇവരുടെ ലക്ഷ്യമെന്നും റിപ്പോർട്ടുണ്ട്. നിയമസഭാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും നീരസവും ഇല്ലെന്ന് മുഖ്യമന്ത്രി ബിരേൻ സിങ് ഞായറാഴ്ച അവകാശപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് പുതിയ രാജി. മണിപ്പൂരിലെ കൈയേറ്റം ഒഴിപ്പിക്കൽ നടപടികളാണ് അഭിപ്രായ വ്യത്യാസത്തിന് കാരണമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.