ഫാ. സ്റ്റാൻ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റി; ഉറ്റവരെ പോലും തിരിച്ചറിയാൻ കഴിയുന്നില്ല
text_fieldsമുംബൈ: ഭീമ കൊറേഗാവ് കേസിൽ മാവോവാദി ബന്ധമാരോപിച്ച് ജയിലിൽ കഴിയുന്ന വൃദ്ധനായ ക്രൈസ്തവ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയെ ഒടുവിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അത്യാസന്ന നിലയിലായ സ്വാമിയെ മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഓക്സിജൻ സഹായത്തോടെയാണ് 84 കാരനായ ഫാദർ കഴിയുന്നത്. അദ്ദേഹത്തിന് ഉറ്റവരെ പോലും തിരിച്ചറിയാനാവുന്നില്ലെന്ന് ബംഗളൂരു ആസ്ഥാനമായ ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോ സേവ്യർ മാധ്യമങ്ങളോട് പറഞ്ഞു.
സ്വാമിയുടെ അഭിഭാഷകരുടെ ഹരജിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ബോംബെ ഹൈകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. സ്വന്തം െചലവിൽ ബാന്ദ്രയിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപിക്കാനാണ് കോടതി അനുമതി നൽകിയത്. തുടർന്ന് രാത്രി 9.50 ഓടെയാണ് സ്വാമിയെ ആശുപത്രിയിലാക്കിയത്.
''ശ്വാസതടസ്സം നേരിട്ടതിനാൽ ഓക്സിജൻ നൽകുകയായിരുന്നു. ആരോഗ്യനില പഴയതുപോലെ തുടരുന്നു. ഉറ്റവരെ പോലും തിരിച്ചറിയാൻ കഴിയുന്നില്ല. വിശദ പരിശോധനയ്ക്ക് ശേഷം ആശുപത്രി അധികൃതർ ആരോഗ്യസ്ഥിതിയെക്കുറിച്ച് ബുള്ളറ്റിൻ നൽകും" -ഫാ. സേവ്യർ പറഞ്ഞു.
സ്റ്റാൻ സ്വാമിക്ക് പരിചരണത്തിന് ജീവനക്കാരനെ നിർത്താനും അദ്ദേഹത്തെ സന്ദർശിക്കാൻ ഫാ. ഫ്രാസർ മസ്കരാനെസിനെ അനുവദിക്കാനും കോടതി ഉത്തരവിട്ടിരുന്നു. ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി സ്റ്റാൻ സ്വാമി നൽകിയ ജാമ്യ ഹരജിയിൽ ജസ്റ്റിസുമാരായ എസ്.എസ്. ഷിണ്ഡെ, എൻ.ആർ. ബോർകർ എന്നിവരടങ്ങിയ ബെഞ്ചിേന്റതാണ് ഉത്തരവ്.
ജാമ്യമാണ് വേണ്ടതെന്നും അല്ലെങ്കിൽ ജയിലിൽ കിടന്നു മരിക്കാമെന്നും ആരോഗ്യശേഷി നശിച്ച് മരണം അടുത്തുവരികയാണെന്നും സ്റ്റാൻ സ്വാമി ഒരാഴ്ച മുമ്പ് കോടതിയോടു പറഞ്ഞിരുന്നു. ജെ.ജെ ആശുപത്രിയിലേക്കു മാറ്റട്ടെയെന്ന് ജഡ്ജി വിഡിയോ കോൺഫറൻസിനിടെ ചോദിച്ചപ്പോഴായിരുന്നു ഇത്. അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ അഭിഭാഷകനോട് ജഡ്ജി ആവശ്യപ്പെടുകയായിരുന്നു.
ഹോളി ഫാമിലി ആശുപത്രിയിലേക്ക് മാറാൻ തയാറാണെന്ന് വെള്ളിയാഴ്ച അഭിഭാഷകൻ മിഹിർ ദേശായ് കോടതിയെ അറിയിച്ചപ്പോൾ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എൻ.െഎ.എ എതിർത്തിരുന്നു. െചലവ് സ്വാമി വഹിക്കുമെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്റ്റാൻ സ്വാമിയുടെ പ്രായവും ജെ.ജെ മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ വിദഗ്ധ പാനൽ നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.