ഇന്ത്യയിലെ പൂർവ വിദ്യാർഥികൾക്ക് വിസ നടപടികൾ സുഗമമാക്കും - ഫ്രഞ്ച് പ്രസിഡന്റ്
text_fieldsന്യൂഡൽഹി: 2030ഓടെ ഫ്രാൻസിൽ 30,000 ഇന്ത്യൻ വിദ്യാർഥികൾക്ക് ഉന്നതപഠനത്തിന് അവസരം നൽകുമെന്ന ഉറപ്പുമായി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. 30,000 ഇന്ത്യൻ വിദ്യാർഥികൾക്ക് 2030 ഓടെ ഫ്രാൻസിൽ ഉന്നതപഠനത്തിന് അവസരമൊരുക്കും. അതിമോഹമാണിതെന്നറിയാം. എന്നാൽ അത് യാഥാർഥ്യമാക്കാൻ പരമാവധി പരിശ്രമിക്കും. ''-75ാം റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായെത്തിയ മാക്രോൺ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ഫ്രഞ്ച് ഭാഷ പഠിക്കാൻ ഫ്രാഞ്ചൈസികളുടെയും അന്താരാഷ്ട്ര ക്ലാസുകളുടെയും സഹകരണത്തോടെ പുതിയ കേന്ദ്രങ്ങൾ രാജ്യത്ത് വികസിപ്പിക്കുന്നതിനെ കുറിച്ചും ഫ്രഞ്ച് പ്രസിഡൻ്റ് വിശദീകരിച്ചു. ഫ്രാൻസിലെ ഇന്ത്യൻ പൂർവ വിദ്യാർഥികൾക്ക് വിസ നടപടിക്രമങ്ങൾ സുഗമമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രാൻസിലേക്ക് വരിക എന്നതിന് മികവ് തേടൽ എന്ന അർഥം കൂടിയുണ്ട്. ഫ്രഞ്ച് ഭാഷ പഠിക്കാൻ പൊതുസ്കൂളുകളിൽ പ്രത്യേക സംവിധാനമൊരുക്കുന്നുണ്ട്. 'എല്ലാവർക്കും ഫ്രഞ്ച് ഭാഷ. മികച്ച ഭാവിക്ക് ഫ്രഞ്ച് ഭാഷ'-എന്നാണ് പദ്ധതിയുടെ പേര്. വിദ്യാർഥികൾക്ക് അന്താരാഷ്ട്ര തലത്തിലുള്ള വിദ്യാഭ്യാസം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഫ്രഞ്ച്ഭാഷ സംസാരിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഞങ്ങളുടെ സർവകലാശാലകളിലേക്ക് വരാം. നേരത്തേ ഫ്രാൻസിൽ പഠിച്ച ഇന്ത്യൻ വിദ്യാർഥികൾക്ക് വിസ നടപടികൾ സുഗമമാക്കും-മാക്രോൺ പറഞ്ഞു.
ക്വുഎസ് റാങ്കിങ്ങിലുള്ള 35 യൂനിവേഴ്സിറ്റികൾ രാജ്യത്തുണ്ട്. 15 യൂനിവേഴ്സിറ്റികൾ ടൈംസ് ഹയർ എജ്യുക്കേഷൻ റാങ്കിങ്ങിൽ ഉൾപ്പെട്ടതാണ്. ഇന്ത്യക്കും ഫ്രാൻസിനും ഒരുമിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. നിങ്ങളൊപ്പമുണ്ടെങ്കിൽ ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ നേടാൻ സാധിക്കും.-മാക്രോൺ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ ഫ്രഞ്ച് എംബസി കൂടുതൽ ഇന്ത്യൻ വിദ്യാർഥികളെ ആകർഷിക്കുന്നതിനായി അഞ്ച് വർഷത്തെ ഹ്രസ്വകാല ഷെങ്കൻ വിസ ഉൾപ്പെടെ നിരവധി നടപടികൾ ആവിഷ്‌കരിച്ചിരുന്നു. ഏതെങ്കിലും 180 ദിവസ കാലയളവിൽ 90 ദിവസത്തിൽ കൂടാത്ത ദൈർഘ്യമുള്ള ഹ്രസ്വവും താൽകാലികവുമായ താമസത്തിനോ ഷെങ്കൻ ഭാഗങ്ങളിലൂടെയുള്ള യാത്രക്കോ വേണ്ടിയാണ് ഷെങ്കൻ വിസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.