വരനില്ല, നേരത്തെ വിവാഹിതർ, വധൂവരന്മാരായി സഹോദരങ്ങൾ!; യു.പി മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയിൽ വൻ തട്ടിപ്പ് -VIDEO
text_fieldsലഖ്നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയിൽ വൻ തട്ടിപ്പ്. ചടങ്ങിൽ വിവാഹിതരാകാൻ എത്തിയ യുവതികളിൽ പലരും നേരത്തെ വിവാഹം കഴിച്ചവരായിരുന്നു. മറ്റുചിലർക്കാകട്ടെ, വരന്മാരും ഇല്ല. വധൂവരന്മാരെന്ന വ്യാജേന സഹോദരങ്ങളും താലിചാർത്തി. മൂഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയിൽ നിന്ന് ലഭിക്കുന്ന 51,000 രൂപ തട്ടിയെടുക്കാനാണ് ഈ രീതിയിലുള്ള തട്ടിപ്പ് അരങ്ങേറിയത്.
സംഭവത്തിൽ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റൻ്റ് ഡെവലപ്‌മെൻ്റ് ഓഫിസർക്കും എട്ട് ‘വധു’ക്കൾക്കുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി മണിയാർ എസ്എച്ച്ഒ മന്തോഷ് സിങ് അറിയിച്ചു. ജനുവരി 25ന് മണിയാർ ഇന്റർ കോളജിലായിരുന്നു സംസ്ഥാനത്തിന് നാണക്കേടായി മാറിയ സമൂഹ വിവാഹം.
അസി. ഡെവലപ്‌മെൻറ് ഓഫിസർ സുനിൽ കുമാർ യാദവ്, ചടങ്ങിൽ വ്യാജവിവാഹം കഴിച്ച അർച്ചന, രഞ്ജന യാദവ്, സുമൻ ചൗഹാൻ, പ്രിയങ്ക, സോനം, പൂജ, സഞ്ജു, രമിത എന്നീ എട്ട് ഗുണഭോക്താക്കൾ എന്നിവർക്കെതിരെയാണ് ജില്ലാ സാമൂഹ്യക്ഷേമ ഓഫിസർ ദീപക് ശ്രീവാസ്തവയുടെ പരാതിയിൽ ഇന്നലെ രാത്രി കേസെടുത്തത്. നേരത്തെ വിവാഹിതരായ വധൂവരന്മാർ വീണ്ടും പദ്ധതിപ്രകാരം വിവാഹിതരായത് ശ്രദ്ധയിൽപ്പെട്ടതായി ശ്രീവാസ്തവ പരാതിയിൽ പറയുന്നു. ഇവർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി.
UP के जिला बलिया में बिना दूल्हों वाली शादी -
— Sachin Gupta (@SachinGuptaUP) January 31, 2024
मुख्यमंत्री सामूहिक विवाह योजना से 25 जनवरी को 568 जोड़ों की शादी हुई। बड़ी संख्या में दूल्हे के बिना ही दुल्हनों को माला पहना दी गई। कइयों की शादी कई साल पहले हो चुकी थी। कई आपस में भाई-बहन थे। ये सब हुआ सिर्फ कपल्स बनकर फोटो… pic.twitter.com/UNkYDLwj0h
സംഭവം വിവാദമായതോടെ ജനുവരി 29ന് ചീഫ് ഡെവലപ്‌മെൻറ് ഓഫിസറുടെ നേതൃത്വത്തിൽ അന്വേഷണ സമിതി രൂപീകരിച്ചിരുന്നു. പ്രതികളിൽ ഒരാളായ മണികപൂർ സ്വദേശി അർച്ചന 2023 ജൂണിൽ വിവാഹിതയായതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. രഞ്ജന യാദവും സുമൻ ചൗഹാനും 2023 മാർച്ചിലും രമിത 2023 ജൂലൈയിലും വിവാഹം കഴിച്ചവരാണ്. 2023 നവംബറിലായിരുന്നു പ്രിയങ്കയുടെ വിവാഹം. പൂജ ഒരു വർഷം മുമ്പും സഞ്ജു മൂന്ന് വർഷം മുമ്പും വിവാഹിതരായെന്നും അന്വേഷണത്തിൽ തെളിഞ്ഞു. സോനം എന്ന പ്രതിയുടെ വിവാഹം ഇതുവരെ തീരുമാനിച്ചിട്ടുപോലുമില്ല. ഇവർ ആരും സമൂഹ വിവാഹ പദ്ധതി പ്രകാരം ധനസഹായത്തിന് അർഹരല്ലെന്നും അന്വേഷണ സമിതി റിപ്പോർട്ടിൽ പറയുന്നു.
നിർധന കുടുംബാംഗങ്ങളുടെ വിവാഹത്തിനാണ് മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതി രൂപവത്കരിച്ചത്. എന്നാൽ, അർഹതയില്ലാത്ത അപേക്ഷകർ ആനുകൂല്യം ലഭിക്കുന്നതിന് കൂട്ടത്തോടെ വ്യാജവിവാഹം കഴിക്കുകയായിരുന്നു. അപേക്ഷകൾ പരിശോധിക്കുന്നതിൽ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റൻ്റ് ഡെവലപ്‌മെൻ്റ് ഓഫിസർ അലംഭാവം കാട്ടിയതാണ് തട്ടിപ്പിന് ഇടയാക്കിയതെന്ന് പൊലീസ് പറയുന്നു.
അതേസമയം, ചടങ്ങിൽ വിവാഹിതരായവർക്ക് ഇതുവരെ ധനസഹായം വിതരണം ചെയ്തിട്ടില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രകുമാർ പറഞ്ഞു. നിലവിൽ പ്രതികളായ ഒമ്പത് പേർക്ക് പുറമേ മറ്റാരെങ്കിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ പദ്ധതി പ്രകാരം 51,000 രൂപയാണ് വധൂവരന്മാർക്ക് നൽകുകയെന്ന് സർക്കാർ വെബ്‌സൈറ്റിൽ പറയുന്നു. അതിൽ 35,000 രൂപ പെൺകുട്ടിക്കാണ്. 10,000 രൂപ വിവാഹ സാമഗ്രികൾ വാങ്ങുന്നതിനും 6,000 രൂപ ചടങ്ങ് നടത്തുന്നതിനും നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.