കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങളെ ഏറ്റെടുത്ത് പഞ്ചാബ്; സൗജന്യ വിദ്യാഭ്യാസത്തിനൊപ്പം പ്രതിമാസം 1500 രൂപയും
text_fieldsഅമൃത്സർ: കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രതിമാസം 1500 രൂപ സാമൂഹ്യ സുരക്ഷ പെൻഷനായി നൽകാൻ പഞ്ചാബ് സർക്കാർ തീരുമാനിച്ചു. ഈ കുഞ്ഞുങ്ങൾക്ക് ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസവും നൽകും. അത്താണിയെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും തീരുമാനമായി. ജൂൈല ഒന്ന് മുതൽ ആനുകൂല്യങ്ങൾ നൽകി തുടങ്ങും.
കോവിഡ് മഹാമാരി മൂലം അനാഥരായ കുഞ്ഞുങ്ങൾക്കും ഗൃഹനാഥനെ നഷ്ടമായ കുടുംബത്തിലെ കുഞ്ഞുങ്ങൾക്കും സർക്കാർ സ്ഥാപനങ്ങളിലാകും വിദ്യാഭ്യാസ സൗകര്യം ഒരുക്കുക. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ ആ കുഞ്ഞുങ്ങളുടെ വളർത്തച്ഛൻ ആകേണ്ടത് സർക്കാറിന്‍റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.
അനാഥർക്ക് 21 വയസ്സ് തികയുന്നതുവരെയും ഗൃഹനാഥരെ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് മൂന്ന് വർഷത്തേക്കും ആനുകൂല്യങ്ങൾ ലഭ്യമാക്കും. അതിനുശേഷം സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് ബാധിതർക്ക് 51,000 രൂപ ഗ്രാന്‍റ് നൽകുന്ന ആശീർവാദ് പദ്ധതിക്ക് ജൂലൈ ഒന്നിന് തുടക്കമാകും. ഇവർക്ക് സംസ്ഥാന സ്മാർട്ട് റേഷൻ കാർഡ് പദ്ധതി പ്രകാരം സൗജന്യ റേഷനും സർബത്ത് സേഹത്ത് ബിമ യോജനയ്ക്ക് കീഴിൽ ഇൻഷൂറൻസ് കവറേജ് ലഭിക്കുമെന്നും സർക്കാർ അറിയിച്ചു.
ദുരിതബാധിതരായ കുടുംബാംഗങ്ങൾക്ക് 'ഘർ ഘർ റോസ്‌ഗാർ ടെ കരോബാർ മിഷൻ' കീഴിൽ അനുയോജ്യമായ ജോലി കണ്ടെത്താൻ സർക്കാർ സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.