'സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ദാരിദ്ര്യം ഇല്ലാതാക്കും'; മോദിക്ക് മറുപടിയുമായി കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: സൗജന്യ വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കാൻ സഹായിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലേതിനു സമാനമായി രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും പൂർണ നവീകരണം നടപ്പാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സൗജന്യ സേവനങ്ങൾ അധികാരം നേടിയെടുക്കാനുള്ള കെജ്‌രിവാളിന്‍റെ തന്ത്രമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം ഉത്തർപ്രദേശിൽ നടന്ന പരിപാടിക്കിടെയാണ് കെജ്‌രിവാളിന്‍റെ സൗജന്യ സേവന വാഗ്ദാനങ്ങളിൽ മോദി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്. വോട്ടർമാരെ വശീകരിക്കാനുള്ള കെജ്‌രിവാളിന്‍റെ തന്ത്രമാണിതെന്നും ഇത് രാജ്യത്തിന്‍റെ വികസനത്തിന് അപകടകരമാണെന്നും മോദി പറഞ്ഞു.
ഛത്രസാൽ സ്റ്റേഡിയത്തിൽ തടിച്ച് കൂടിയ ജനങ്ങളെ സാക്ഷിയാക്കി രാജ്യത്തെ 130 കോടി ജനങ്ങളും ഒരുമിച്ച് നിന്ന് ഇന്ത്യയെ ലോകത്തെ ഒന്നാം നമ്പർ രാജ്യമാക്കി മാറ്റണമെന്ന് കെജ്‌രിവാൾ അഭ്യർഥിച്ചു. 'നമ്മൾ ഒരുമിച്ച് ബ്രിട്ടീഷുകാരെ രാജ്യത്ത് നിന്ന് തുരത്തി. ഇനി നമ്മൾ വീണ്ടും ഒരുമിച്ചാൽ ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റാൻ സാധിക്കും'- കെജ്‌രിവാൾ പറഞ്ഞു.
ഓരോ ഇന്ത്യക്കാരനും നല്ല ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ലഭ്യമായാൽ മാത്രമേ ത്രിവർണപതാക ഉയരത്തിൽ പറക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.