സൗജന്യ വൈദ്യുതി, എല്ലാവർക്കും ചികിത്സ, മികച്ച വിദ്യാഭ്യാസം; ജനങ്ങൾക്ക് ഉറപ്പുമായി കെജ്രിവാൾ
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആറ് വാഗ്ദാനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇന്ത്യ സഖ്യത്തിന്റെ പ്രതിപക്ഷ പ്രതിഷേധ റാലിയിൽ ഭാര്യ സുനിതയാണ് കെജ്രിവാളിന്റെ വാഗ്ദാനങ്ങളടങ്ങിയ സന്ദേശം വായിച്ചത്.
വൈദ്യുതി വിതരണം സുഗമമാക്കും, സൗജന്യ വൈദ്യുതി, വിദ്യാഭ്യാസ പരിഷ്‍കരണം, സാർവത്രിക ഹെൽത്ത്കെയർ, കർഷകർക്ക് ന്യായവില, ഡൽഹിക്ക് സമ്പൂർണ സംസ്ഥാന പദവി എന്നിവയാണ് കെജ്രിവാളിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ.
''പ്രിയപ്പെട്ട ഭാരതീയരെ, നിങ്ങളെല്ലാവരും ഈ മകന്റെ ആശംസകൾ സ്വീകരിക്കുക. ഞാൻ വോട്ട് ചോദിക്കുന്നില്ല, തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആരെയും തോൽപ്പിക്കുന്നതിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. ഇന്ത്യയെ പുതിയ ഇന്ത്യയാക്കുന്നതിനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. നമ്മുടെ രാജ്യത്തിന് എല്ലാം ഉണ്ട്. ഞാൻ ജയിലിലാണ്, ഇവിടെ എനിക്ക് ചിന്തിക്കാൻ ധാരാളം സമയം ലഭിക്കുന്നു. ഞാൻ ചിന്തിക്കുന്നത് ഭാരതമാതാവിനെക്കുറിച്ചാണ്, ഭാരതമാതാവ് വേദനയിലാണ്, ആളുകൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കാതെ വരുമ്പോൾ, ശരിയായ ചികിത്സ ലഭിക്കാതെ, പവർകട്ട് സംഭവിക്കുന്നു, റോഡുകൾ തകരുന്നു.''-എന്നായിരുന്നു കെജ്രിവാളിന്റെ സന്ദേശം.
രാംലീല മൈതാനത്ത് വൻജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെയാണ് സുനിത സന്ദേശം വായിച്ചത്. ഭാരതമാതാവ് വേദനിക്കുകയാണ്. ഈ സ്വേച്ഛാധിപത്യം വിജയിക്കുകയില്ല എന്നും സുനിത പറഞ്ഞു. ജനാധിപത്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നടക്കുന്ന റാലിയിൽ 28 പ്രതിപക്ഷ പാർട്ടികളാണ് പങ്കെടുക്കുന്നത്. രാഹുൽ ഗാന്ധി,മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ പ്രമുഖനേതാക്കൾ റാലിയിൽ അണിനിരന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.