"എന്നെ സ്വതന്ത്രനാക്കൂ"; കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി രാജസ്ഥാൻ മന്ത്രിയുടെ രാജി
text_fieldsജയ്പൂർ: രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനെ പ്രതിസന്ധിയിലാക്കി മന്ത്രി അശോക് ചന്ദ്‌നയുടെ ട്വീറ്റ്. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ദേഷ്യം പ്രകടിപ്പിക്കുകയും രാജിവെക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയുന്ന ചന്ദ്‌നയുടെ ട്വീറ്റിന് വ്യാപക പ്രചാരമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. രാജസ്ഥാനിലെ കായിക, യുവജനകാര്യം, നൈപുണ്യ വികസനം, തൊഴിൽ, ദുരന്തനിവാരണ മന്ത്രിയാണ് ചന്ദ്ന.
"ബഹുമാനപ്പെട്ട മുഖ്യമന്ത്രി, എനിക്ക് നിങ്ങളോട് വ്യക്തിപരമായ ഒരു അഭ്യർത്ഥനയുണ്ട്, ഈ മന്ത്രി സ്ഥാനത്തുനിന്ന് എന്നെ മോചിപ്പിച്ച് എന്റെ എല്ലാ വകുപ്പുകളുടെയും ചുമതല കുൽദീപ് രങ്ക ജിക്ക് നൽകണം. കാരണം അദ്ദേഹം ഇപ്പോൾ തന്നെ എല്ലാ വകുപ്പുകളുടെയും മന്ത്രിയാണ്.- അശോക് ചന്ദന ട്വീറ്റ് ചെയ്തു.
രാജസ്ഥാൻ ആദിവാസി നേതാവും എം.എൽ.എയുമായ ഗണേഷ് ഘോഗ്ര ഭൂമി രേഖ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായതിന് തൊട്ടുപിന്നാലെയാണ് ചന്ദ്നയുടെ ട്വീറ്റ് വരുന്നത്. അതേ സമയം 2023 അവസാനത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി മന്ത്രിയുടെ ട്വീറ്റ് രാജസ്ഥാൻ ബി.ജെ.പി അധ്യക്ഷൻ സതീഷ് പൂനിയ പങ്കുവെച്ചു.
"കപ്പൽ മുങ്ങുകയാണ്... 2023ലെ ട്രെൻഡുകൾ എത്തിത്തുടങ്ങി," പൂനിയ ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.
രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിലുള്ള ഈ തുറന്നുപറച്ചിലുകൾ രാജസ്ഥാന്‍ സർക്കാറിന് കടുത്ത പ്രഹരങ്ങളാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.