കോടികളുടെ തട്ടിപ്പ്: 251 രൂപക്ക് സ്മാർട്ഫോൺ ഇറക്കുമെന്ന് പറഞ്ഞ മോഹിത് ഗോയൽ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: 251 രൂപക്ക് സ്മാർട്ഫോൺ വിപണിയിലിറക്കുമെന്ന പ്രഖ്യാപനവുമായി ഏവരെയും ഞെട്ടിച്ച റിങ്ബെൽ സ്ഥാപകൻ മോഹിത് ഗോയലിനെ ആരും മറന്നു കാണില്ല. അതേ മോഹിത് ഗോയൽ ഇപ്പോൾ മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റിലായ വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.
ഡ്രൈഫ്രൂട്സ് ഇടപാടുമായി ബന്ധപ്പെട്ട് പഴക്കച്ചവടക്കാരിൽ നിന്നും 200 കോടി തട്ടിച്ചെന്ന കേസിലാണ് മോഹിത്തിനെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. മോഹിത്തിനൊപ്പം അേദ്ദഹത്തിന്റെ രണ്ട് കൂട്ടാളികളെയും നോയിഡ പൊലീസ് വലയിലാക്കിയിട്ടുണ്ട്. രണ്ട് ആഡംബര കാറുകൾ, ഡ്രൈഫ്രൂട്സ്, ചില രേഖകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു.
2016ലാണ് ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ഫോൺ എന്ന പ്രഖ്യാപനവുമായി 'ഫ്രീഡം 251' ഫോണുമായി മോഹിത് എത്തിയത്. 251 രൂപ മാത്രമായിരുന്നു വിലയിട്ടത്. 30,000 പേർ ഫോൺ ബുക്ക് ചെയ്തു. ഏഴ് കോടിയാളുകളാണ് ഫോൺ വാങ്ങാനായി രജിസ്റ്റർ ചെയ്തത്. എന്നാൽ ഫോൺ ബുക്ക് ചെയ്ത ആർക്കും സാധനം കൈയിൽ ലഭിച്ചില്ല. ഇതോടെ കേസുകളിൽ പെട്ട് കമ്പനി പൂട്ടി. ഫ്രീഡം 251ഉമായി ബന്ധപ്പെട്ട് നിലവിൽ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. അക്കൂട്ടത്തിലാണ് പുതിയൊരെണ്ണം.
ദുബൈ ഡ്രൈ ഫ്രൂട്സ് ആൻഡ് സ്‌പൈസസ് ഹബ് എന്ന പേരിൽ നോയിഡ സെക്ടർ 62ൽ ഗോയലും അഞ്ച് പേരും ചേർന്ന് ആരംഭിച്ച കമ്പനിയുടെ മറവിലാണ് വൻ തട്ടിപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു.
രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യാപാരികളിൽ നിന്നും മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വില നൽകി ഡ്രൈ ഫ്രൂട്ട്സ് വാങ്ങിയായിരുന്നു ബിസിനസ്. ആദ്യ ഘട്ടത്തിൽ വിശ്വാസം സമ്പാദിക്കാൻ കച്ചവടക്കാർക്ക് പണം മുഴുവനായി നൽകും. കച്ചവടക്കാരുമായി നല്ല ബന്ധത്തിലാകുന്നതോടെ വലിയ തോതിൽ പഴം വാങ്ങുകയും 40 ശതമാനം വില നെറ്റ് ബാങ്കിങ് മുഖേനെ ആദ്യം കൈമാറും.
ബാക്കി തുക ചെക്കായി നൽകും. മോഹിത്തും കൂട്ടരും നൽകിയ ചെക്കുകൾ ബാങ്കിൽ നിന്ന് മടങ്ങിയതോടെയാണ് വ്യാപാരികൾ തട്ടിപ്പ് പിണഞ്ഞെതന്ന് മനസിലായി പരാതിയുമായെത്തിയത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി കമ്പനിക്കെതിരെ 40ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്.
വ്യാപാരികളിൽ നിന്ന് സ്വന്തമാക്കിയ പഴങ്ങൾ കമ്പനി ഓൺലൈൻ മാർക്കറ്റിലൂടെ വിൽപന നടത്തി പണം സമ്പാദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.