Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകങ്കണക്കെതിരെ...

കങ്കണക്കെതിരെ 91കാരിയായ സ്വാതന്ത്ര്യസമര സേനാനി; 'സ്വാതന്ത്ര്യം ഭിക്ഷയെന്ന പരാമർശം രാജ്യദ്രോഹം'

text_fields
bookmark_border
കങ്കണക്കെതിരെ 91കാരിയായ സ്വാതന്ത്ര്യസമര സേനാനി; സ്വാതന്ത്ര്യം ഭിക്ഷയെന്ന പരാമർശം രാജ്യദ്രോഹം
cancel

1947ൽ ഇന്ത്യക്ക്​ ലഭിച്ചത്​ സ്വാതന്ത്ര്യമായിരുന്നില്ല, ഭിക്ഷയായിരുന്നെന്ന ബോളിവുഡ്​ താരം കങ്കണ റണാവത്തിന്‍റെ പരാമർശനത്തിനെതിരെ 91കാരിയായ സ്വാതന്ത്ര്യസമര സേനാനി ലീലാഭായ്​ ചിറ്റാലെ. രൂക്ഷവിമർശനമാണ്​ കങ്കണക്കെതിരെ ലീലാഭായ്​ നടത്തിയിരിക്കുന്നത്​. കങ്കണയുടെ പരാമർശം രാജ്യദ്രോഹമാണെന്നും തന്നെ പോലുള്ളവരുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു.

ഈ പരാമർശത്തിന്‍റെ പേരിൽ കങ്കണ ജയിലിൽ പോകണമെന്ന് താൻ ആ​ഗ്രഹിക്കുന്നില്ലെന്നും എന്നാൽ, നിയമനടപടി നേരിട്ടേ മതിയാകൂയെന്നും അവർ ചൂണ്ടിക്കാട്ടി. 'ഇത് രാജ്യദ്രോഹമാണെന്ന് പറയാൻ പ്രധാനമന്ത്രി തയ്യാറാകണം. കങ്കണയ്ക്ക് നേർവഴി ഉപദേശിക്കുകയും വേണം'- ഒരു ദേശീയ മാധ്യമത്തിന് നൽകിയ വീഡിയോ അഭിമുഖത്തിൽ ലീലാഭായ് ആവശ്യപ്പെട്ടു.

'കങ്കണ റണാവത്​ എന്നു പേരുള്ള ഒരു സ്ത്രീ 1947ൽ രാജ്യത്തിന് ലഭിച്ചത് സ്വാതന്ത്ര്യമല്ലെന്നും ഭിക്ഷയാണെന്നും പറയുന്നത്​ ശ്രദ്ധയിൽപ്പെട്ടു. ആ സ്ത്രീക്ക് പ്രസിഡൻഷ്യൽ മെഡൽ ലഭിച്ചിട്ടുണ്ട്​ എന്നത്​ എന്നെ ഏറെ നിരാശപ്പെടുത്തുന്നു. കാരണം, പന്ത്രണ്ടാം വയസ്സിൽ ജയിലിൽ കിടന്ന വ്യക്​തിയാണ്​ ഞാൻ. ഗാന്ധിജിയുടെ നിർദേശപ്രകാരം ഇം​ഗ്ലീഷ് വിദ്യാഭ്യാസം ബഹിഷ്കരിച്ചതിന്‍റെ പേരിലായിരുന്നു അത്. മൂന്ന് സുഹൃത്തുക്കൾക്കൊപ്പം അകോലയിലെ സീതാഭായ് ആർട്സ് കോളേജിലെത്തുകയും ​ഗേറ്റിനരികിൽ നിന്ന് വിദ്യാർഥികളോട് 'ഡൂ ഓർ ഡൈ' എന്നുറക്കെ മുദ്രാവാക്യം വിളിക്കാൻ ബാപുജി പറഞ്ഞിട്ടുണ്ടെന്ന്​ പറയുകയും അവർക്കത്​ വിളിച്ചുകൊടുക്കുകയും ചെയ്​തു. ഇതിന്‍റെ പേരിൽ ബ്രിട്ടീഷുകാർ ഞങ്ങളെ അറസ്റ്റ് ചെയ്​തു. പതിനഞ്ചു വയസ്സിനു താഴെയുള്ളവരെ ജയിലിലടക്കരുതെന്ന ബ്രിട്ടീഷ് നിയമത്തെ തുടർന്ന് വൈകുന്നേരം വരെ ഞങ്ങളെ പൊലീസ് സ്റ്റേഷനിൽ നിർത്തി തിരികെ വിടുകയായിരുന്നു. നിർധനരാണെങ്കിൽ പോലും ലക്ഷക്കണക്കിനാളുകൾ ഇങ്ങനെ സ്വാതന്ത്ര്യസമരത്തിൽ പങ്കാളികളായിട്ടുണ്ട്​. കങ്കണയുടെ ഇത്തരം പരാമർശങ്ങൾ അവരുടെയെല്ലാം വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്' -ലീലാഭായ്​ പറഞ്ഞു.

'രാജ്യത്തിനുവേണ്ടി സ്വയം ത്യജിക്കാൻ തയ്യാറായി ജാതിമതനിറ ഭേദമന്യേ ജനങ്ങൾ മുന്നോട്ടു വരുന്നതു നേരിൽ കാണുകയും അത്​ അനുഭവിക്കുകയും ചെയ്​തിട്ടുണ്ട്​. വീട്ടിലെ ഏക ആശ്രയമായിരുന്ന സഹോദരനെ മൂന്നര വർഷത്തോളം ജയിലിൽ അടച്ച കാലത്ത് ഒരു മുസ്ലിം കുടുംബമാണ് ഞങ്ങളെ സംരക്ഷിച്ചത്​. കങ്കണയുടെ പരാമർശത്തെ അപലപിക്കുന്നു. ഇത് രാജ്യദ്രോഹമാണ്. ഇത്തരമൊരു പരാമർശം കേൾക്കുന്ന വരുംതലമുറ നമ്മളെക്കുറിച്ച്​ എന്തായിരിക്കും ചിന്തിക്കുക? രാജ്യത്തിന്‍റെ ഭാവി എന്തായിരിക്കും? സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കോടിക്കണക്കിന്​ ആളുകൾ ഭിക്ഷക്കാരായിരുന്നെന്നാണോ? അഹിംസ മാർ​ഗത്തിലൂടെ സ്വാതന്ത്ര്യം നേടിയത് ഭിക്ഷയല്ല, മറിച്ച് അസാധാരണമായ പരീക്ഷണമായിരുന്നു'-ലീലാഭായ് പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 75-ാം വാര്‍ഷികത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ്​ കങ്കണ വിവാദ പ്രസ്താവന നടത്തിയത്​. '1947ല്‍ ഇന്ത്യക്ക്​ ലഭിച്ചത് സ്വതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യം യഥാര്‍ഥത്തില്‍ സ്വതന്ത്രമായത് 2014 ലാണ്'- എന്നായിരുന്നു കങ്കണയുടെ പരാമർശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana Ranaut
News Summary - Freedom fighter slams Kangana Ranaut for independence 'bheek' remark
Next Story