'അഭിപ്രായ സ്വാതന്ത്ര്യം മര്യാദയുടെ പരിധി ലംഘിക്കാനുള്ള ലൈസൻസല്ല': മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യം മര്യാദയുടെ അതിരുകൾ മറികടക്കാനുള്ള ലൈസൻസ് അല്ലെന്ന് മദ്രാസ് ഹൈകോടതി. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കുടുംബാംഗങ്ങൾക്കും ചില മന്ത്രിമാർക്കുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതിന് ക്രിമിനൽ നടപടി നേരിടുന്ന അണ്ണാ ഡി.എം.കെ. വനിതാവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി അമുദയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയാണ് കോടതി നിരീക്ഷണം.
അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്ന അവകാശമാണ്. അതിന്റെ പേരിൽ മര്യാദയുടെ അതിരുകൾ ലംഘിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. മുൻകൂർ ജാമ്യം ലഭിക്കുന്നതിനായി ഹരജിക്കാരി സമർപ്പിച്ച മാപ്പപേക്ഷ ആത്മാർഥതയോടെ അല്ലെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു.
മുഖ്യമന്ത്രി സ്റ്റാലിനും കുടുംബാംഗങ്ങൾക്കും മന്ത്രിമാർക്കുമെതിരേ അമുദ ഉപയോഗിച്ച പദപ്രയോഗങ്ങൾ ഉത്തരവിൽപോലും ആവർത്തിക്കാൻ താത്‌പര്യപ്പെടുന്നില്ലെന്നും ജസ്റ്റിസ് എ.ഡി ജഗദീഷ് ചന്ദ്ര പറഞ്ഞു.
സേലം ജില്ലയിലെ ആത്തൂരിൽ സെപ്റ്റംബർ 22-ന് മുൻ മുഖ്യമന്ത്രി സി.എൻ. അണ്ണാദുരൈയുടെ 116-ാം ജന്മവാർഷികച്ചടങ്ങിൽ സംസാരിക്കവേയാണ് അമുദ സ്റ്റാലിനെയും കുടുംബത്തെയും മറ്റുചില മന്ത്രിമാരെയും അപകീർത്തിച്ച് സംസാരിച്ചത്. സംഭവത്തിൽ ആത്തൂർ പൊലീസ് അമുദക്കെതിരേ കേസെടുത്തെങ്കിലും ഒക്ടോബർ 18-നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.