കേന്ദ്ര സർക്കാരിനെതിരെ വിമർശനം; രാജ്യം വിടാൻ നിർബന്ധിതയാകുന്നുവെന്ന് ഫ്രഞ്ച് മാധ്യമപ്രവർത്തക
text_fieldsന്യൂഡൽഹി: ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് പിൻവലിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീഷണിക്ക് പിന്നാലെ ഇന്ത്യ വിടാൻ നിർബന്ധിതയാകുന്നുവെന്ന് വ്യക്തമാക്കി ഫ്രഞ്ച് മാധ്യമപ്രവർത്തക വനേസ ഡഗ്നാക്ക്. രണ്ട് പതിറ്റാണ്ടോളമായി ഇന്ത്യയിൽ ജോലി ചെയ്ത് വരികയായിരുന്നു ഡഗ്നാക്ക്. രാജ്യം വിടുക എന്നത് തൻ്റെ ഇഷ്ടപ്രകാരമല്ലെന്നും കേന്ദ്രസർക്കാരിൽ നിന്നും സമ്മർദമുണ്ടെന്നും ഡഗ്നാക്ക് പറഞ്ഞു. 16 മാസം മുൻപ് ഡഗ്നാക്കിന് രാജ്യത്ത് ജോലി ചെയ്യാനുള്ള അവകാശം കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒ.സി.ഐ കാർഡ് പിൻവലിക്കുമെന്ന് സർക്കാർ അറിയിച്ചത്.
“ഞാൻ വിവാഹം കഴിച്ചതും എൻ്റെ മകനെ വളർത്തിയതും എൻ്റെ വീട് എന്ന് വിളിക്കുന്നതുമായ സ്ഥലത്ത് നിന്ന് പോവുക എന്നത് ഒരിക്കലും എന്റെ ഇഷ്ടപ്രകാരമല്ല. ഞാൻ നാടുവിടാൻ നിർബന്ധിതയാണ്“, ഡഗ്നാക്ക് പറഞ്ഞു.
ലെ പോയിൻ്റ്, ലാ ക്രോയിക്‌സ് എന്നിവയുൾപ്പെടെ നിരവധി ഫ്രഞ്ച് വാർത്താ മാധ്യമങ്ങളിൽ മികച്ച സംഭാവനകൾ നൽകിയ ഡഗ്നാക്, 23 വർഷമായി ഇന്ത്യയിൽ താമസിച്ചു വരികയാണ്. ഇന്ത്യൻ പൗരനെയും ഇതിനിടെ ഡഗ്നാക്ക് വിവാഹം കഴിച്ചു. 16 മാസം മുൻപ് തനിക്ക് മാധ്യമപ്രവർത്തകയായി പ്രവർത്തിക്കാനുള്ള അവകാശം കേന്ദ്ര സർക്കാർ നിഷേധിച്ചിരുന്നു. വ്യക്തമായ കാരണം വ്യക്തമാക്കാതെയായിരുന്നു നടപടി. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഡഗ്നാക്കിന്റെ റിപ്പോർട്ടുകൾ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാസം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇവർക്ക് നോട്ടീസയച്ചിരുന്നു. ലേഖനങ്ങൾ രാജ്യത്തെ സമാധാനം ഇല്ലാതാക്കിയെന്നും അശാന്തി സൃഷ്ടിക്കുന്നതാണെന്നും നോട്ടീസിൽ പരാമർശിച്ചിരുന്നു. ഇന്ത്യൻ വംശജർക്കും വിവാഹിതരായ ഇന്ത്യക്കാർക്കും അനിശ്ചിതകാലത്തേക്ക് രാജ്യത്ത് തുടരാൻ അനുവദിക്കുന്ന ഒ.സി.ഐ പദവി എന്തുകൊണ്ട് റദ്ദാക്കരുത് എന്ന് വ്യക്തമാക്കണമെന്നും ഡഗ്നാക്ക് ആവശ്യപ്പെട്ടിരുന്നുവെന്നും ഇതിനോടും അധികൃതർ പ്രതികരിച്ചില്ലെന്നും മാധ്യമപ്രവർത്തക ആരോപിച്ചു.
ഒ.സി.ഐ പദവി റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തെ വിമർശിച്ച് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർ.എസ്.എഫ്), ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേണലിസ്റ്റ് (ഐ.എഫ്.ജെ) എന്നിവയുൾപ്പെടെയുള്ള മാധ്യമ സംഘടനകൾ രംഗത്തെത്തിയിരുന്നു.
2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം സർക്കാരിനെ വിമർശിക്കുന്ന വിദേശ മാധ്യമപ്രവർത്തകരുടെ ഒ.സി.ഐ പദവി റദ്ദാക്കുന്നത് ഇന്ത്യ പതിവാക്കിയിരുന്നു.
2019 ൽ ടൈം മാഗസിനിൽ മോദിയുടെ ഫോട്ടോയോടെ ഇന്ത്യയുടെ ഡിവൈഡർ ഇൻ ചീഫ് എന്ന തലക്കെട്ടിൽ ലേഖനം എഴുതിയതിന് ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ആതിഷ് തസീറിൻ്റെ ഒ.സി.ഐ പദവി കേന്ദ്രം റദ്ദാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.