പൗരത്വ ഭേദഗതി നിയമം; വടക്കു കിഴക്ക് വീണ്ടും പ്രക്ഷുബ്ധം
text_fieldsഗുവാഹതി, ഷില്ലോങ്: കോവിഡ് മഹാമാരി തീർത്ത രണ്ടുവർഷത്തെ ഇടവേളക്കുശേഷം, വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ(സി.എ.എ) വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ വീണ്ടും പ്രക്ഷോഭം ശക്തമാവുന്നു. നേർത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓർഗനൈസേഷന്റെ(എൻ.ഇ.എസ്.ഒ) നേതൃത്വത്തിലാണ് അസമിലും മേഘാലയയിലും വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
അസമിൽ എൻ.ഇ.എസ്.ഒയുടെ ഭാഗമായ ഓൾ അസം സ്റ്റുഡന്റ്സ് യൂനിയന്റെ(എ.എ.എസ്.യു) നേതൃത്വത്തിൽ എല്ലാ ജില്ല ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു. തിങ്കളാഴ്ച മുതലാണ് വിദ്യാർഥി സംഘടനകൾ പ്രതിഷേധം പുനരാരംഭിച്ചത്. ശക്തമായ സുരക്ഷ സന്നാഹങ്ങൾക്കിടെയായിരുന്നു സമരം. മേഘാലയയിൽ ബുധനാഴ്ചയാണ് പ്രതിഷേധം തുടങ്ങിയത്. എൻ.ഇ.എസ്.ഒയുടെ ഭാഗമായ ഖാസി സ്റ്റുഡന്റ്സ് യൂനിയൻ(കെ.എസ്.യു)ആണ് ഷില്ലോങ്ങിൽ പ്രതിഷേധിച്ചത്. അസമിലെ ജനം ഒരിക്കലും സി.എ.എ അംഗീകരിക്കില്ലെന്നും അത് പിൻവലിക്കണമെന്നും എൻ.ഇ.എസ്.ഒ ഉപദേഷ്ടാവ് സമുജ്ജ്വൽ ഭട്ടാചാര്യ മാധ്യമങ്ങളോട് പറഞ്ഞു. മഹാമാരി കാരണം രണ്ടു വർഷം പ്രതിഷേധം നിർത്തിെവച്ചിരിക്കുകയായിരുന്നുവെന്നും സമരം പുനരാരംഭിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്യായമായ ഈ നിയമം അസമിലെ ജനങ്ങളുടെ നെഞ്ചിൽ കനലായി എരിയുകയാണ്. അത് പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും സമുജ്ജ്വൽ പറഞ്ഞു.
വിദേശികളുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം കാണുക, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽനിന്ന് അഫ്സ്പ പൂർണമായി പിൻവലിക്കുക, ഇന്നർ ലൈൻ പെർമിറ്റ് നടപ്പാക്കുക, 1951 സെൻസസ് പ്രകാരം പൗരത്വപ്പട്ടിക (എൻ.ആർ.സി) പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടനകൾ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.