മണിപ്പൂരിൽ വീണ്ടും അക്രമം: തീവെപ്പും വെടിവെപ്പുമുണ്ടായതായി റിപ്പോർട്ട്
text_fieldsഗുവാഹത്തി: വംശീയ കലാപം നിരവധി ജീവനുകളെടുത്ത മണിപ്പൂരിൽ വീണ്ടും വ്യാപക അക്രമം. വ്യാപകമായി തീവെപ്പും വെടിവെപ്പുമാണ് റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്തെ സാഹചര്യത്തിനനുസരിച്ച് സൈന്യം പ്രതികരിക്കുന്നുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു. അക്രമത്തിൽ ഉൾപ്പെട്ട ഏതാനും പേരെ പിടികൂടിയതായും സൈനിക വൃത്തങ്ങൾ അറിയിച്ചു. എന്നാൽ അക്രമങ്ങളിൽ ആളപായമുണ്ടായിട്ടുണ്ടോ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്നതു സംബന്ധിച്ച വിവരങ്ങളൊന്നും സൈന്യം നൽകിയിട്ടില്ല.
ഗോത്രവിഭാഗത്തിൽ ഉൾപ്പെടാത്ത മെയ്തേയ് വിഭാഗത്തിന് പട്ടിക വർഗ പദവി നൽകിയതിനെതിരെ ആരംഭിച്ച പ്രതിഷേധമാണ് വംശീയ കലാപമായി മാറിയത്. മെയ് മൂന്നിന് ആരംഭിച്ച കലാപത്തിൽ 70 ഓളം പേർ കൊല്ലപ്പെടുകയും 30,000 ഓളം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം ഇംഫാലിൽ സംഘർഷമുണ്ടായതോടെ സംസ്ഥാന സർക്കാർ കൂടുതൽ സൈനിക വിഭാഗങ്ങളെ സുരക്ഷക്കായി വിന്യസിച്ചിരുന്നു. പ്രദേശത്തെ ഒരു കട തീയിടാൻ ശ്രമിച്ച മൂന്നു പേരെ പൊലീസ് ശനിയാഴ്ച തന്നെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവർ സെൻട്രൽ റാപിഡ് ആക്ഷൻ ഫോഴ്സ് ജീവനക്കാരാണ്. ഇവർ സിവിൽ ഡ്രസിൽ കറിലെത്തി പ്രദേശത്തെ ഇറച്ചിക്കടക്ക് തീയിടാൻ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് പിടിയിലാകുന്നത്. സോംദേവ് ആര്യ, കുൽദീപ് സിങ്, രപദീപ് കുമാർ എന്നിവരാണ് പിടിയിലായത്. ഇവരെ ആർ.എ.എഫ് ഉടൻ തന്നെ സസ്പെൻഡ് ചെയ്യുകയും ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സൈനിക മേധാവി ജനറൽ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം മണിപ്പൂർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച മണിപ്പൂർ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.