മണിപ്പൂരിൽ കുക്കി-മെയ്തേയി വിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പ്
text_fieldsഇംഫാൽ: മണിപ്പൂരിൽ കുക്കി-മെയ്തേയി വിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പ്. ഇംഫാൽ ജില്ലയിലാണ് വീണ്ടും സംഘർഷമുണ്ടായത്. തമ്നപൊക്പി, ലാംലൈ മേഖലകളിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് വെടിവെപ്പുണ്ടായത്. മലമുകളിൽ നിന്ന് ഒരു സംഘം ഗ്രാമങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഗ്രാമങ്ങളിലെ വളണ്ടിയർമാർ തിരിച്ചടിച്ചതോടെ സംഘർഷസാധ്യതയുണ്ടായി. സുരക്ഷാസേന പ്രദേശത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഒരു മണിക്കൂർ സമയം വെടിവെപ്പ് നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, വെടിവെപ്പിൽ ആരെങ്കിലും മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, മണിപ്പൂർ സർക്കാർ ഹൈകോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന വിമർശനവുമായി ചീഫ് ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ പറഞ്ഞിരുന്നു. സമാനതകളില്ലാത്ത സംഘർഷമാണ് മണിപ്പൂരിലുണ്ടായതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. കോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിലെ പക്ഷപാതിത്വത്തിൽ അതൃപ്തിയും ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രകടമാക്കി. ജുഡീഷ്വറിക്ക് സുരക്ഷ നൽകുന്നതിലെ സർക്കാറിന്റെ വീഴ്ചയുൾപ്പടെയാണ് ഹൈകോടതിയുടെ അതൃപ്തിക്കുള്ള കാരണം.
ജുഡീഷ്യൽ ഓഫീസർമാരുടെ അഭിമുഖങ്ങൾ നടത്തിയെങ്കിലും നിയമനം ഇനിയും ആയിട്ടില്ല. നിരന്തരമായി ആവശ്യപ്പെട്ടിട്ടും അതിൽ തുടർ നടപടി സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. സുരക്ഷാ പ്രശ്നമുള്ളതിനാൽ ജുഡീഷ്യറിയുടെ എല്ലാ ജീവനക്കാരേയും സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ജോലിക്ക് നിയോഗിക്കാൻ പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഇതുമൂലം ജുഡീഷ്യറിയുടെ ജീവനക്കാർക്ക് അധിക ജോലി ചെയ്യേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നിർദേശങ്ങളിൽ ചിലത് മാത്രമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ചിലതിൽ അവർ തീരുമാനമെടുക്കുന്നില്ല. ഇതിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് വിവേചനമുണ്ടെന്നും ഹൈകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ഉൾപ്പടെ യോഗങ്ങൾ നടത്തി. അദ്ദേഹത്തിന്റെ യോഗങ്ങളിലെ പ്രതികരണങ്ങൾ പ്രതീക്ഷക്ക് വക നൽകുന്നുണ്ടെങ്കിലും തങ്ങൾക്ക് പൂർണ്ണ തൃപ്തിയില്ലെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.