മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ടിടങ്ങളിൽ വെടിവെപ്പ്
text_fieldsഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടായെന്ന് സ്ഥിരീകരിച്ച് അധികൃതർ. രണ്ടിടങ്ങളിൽ വെടിവെപ്പും ബോംബ് സ്ഫോടനവുമാണ് ഉണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായത്.
പടിഞ്ഞാറൻ ഇംഫാൽ ജില്ലയിലെ കോട്രൂക്കിലും ബിഷ്ണാപൂരിലെ ടോംഗലോബിയിലുമാണ് സംഭവമുണ്ടായത്. കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചനയെന്ന് അധികൃതർ പറഞ്ഞു. പടിഞ്ഞാറൻ ഇംഫാലിൽ ലാംഷാങ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സംസ്ഥാന പൊലീസ് സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
സെപ്റ്റംബറിലെ ആദ്യ ആഴ്ചയിൽ ഡ്രോണുകളിലൂടെ പ്രദേശത്ത് ബോംബുകളിട്ടിരുന്നു. സമാനമായ ആക്രമണം നടക്കുമോയെന്ന് ഗ്രാമീണർക്ക് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം നടന്ന വെടിവെപ്പ് നാല് മണിക്കൂർ സമയത്തേക്ക് നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ട്.
ബിഷ്ണാപൂരിലും കുക്കികൾ തന്നെയാണ് ആക്രമണത്തിന് പിന്നിലുള്ളതെന്നാണ് പറയുന്നത്. മൊയിറാങ് പൊലീസ് സ്റ്റേഷനിൽ നിന്നും ആറ് കിലോ മീറ്റർ അകലെയുള്ള ത്രോങ്‍ലാബി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. രാത്രി ഒമ്പത് മണിയോടെ കുക്കികൾ പ്രദേശത്ത് വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അതേസമയം, നിരോധിത സംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ രണ്ട് പേരെ ഞായറാഴ്ച മണിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അസം റൈഫിൾസാണ് ഇവരെ അറസ്റ്റ് ചെയ്തത്. എൻ.പ്രിയോ സിങ്, എസ്.ദേവ്ജിത്ത് സിങ് എന്നിവരെയാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.