സന്ദേശ്ഖലിയിൽ സംഘർഷം തുടരുന്നു; തൃണമൂൽ നേതാക്കളുടെ വീട് ആക്രമിച്ചു
text_fieldsകൊൽക്കത്ത: സംഘർഷവും പ്രതിഷേധവും തുടരുന്ന സന്ദേശ്ഖലിയിൽ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ വീടുകൾക്ക് നേരെ ആക്രമണം. വനിതകളെ പീഡിപ്പിക്കുകയും ഭൂമി തട്ടിയെടുക്കുകയും ചെയ്തെന്ന് ആരോപണവിധേയരായ തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ കെട്ടിടം നാട്ടുകാരിൽ ഒരു വിഭാഗം കത്തിച്ചു. ചില വീടുകളിൽ അതിക്രമിച്ചു കയറുകയും ചെയ്തു.
വിവിധ കേസുകളിൽ പ്രതിയായ തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിനും സഹോദരൻ സിറാജിനുമെതിരെയായിരുന്നു പ്രതിഷേധം. ബെൽമജുർ പ്രദേശത്തെ സിറാജിന്റെ കെട്ടിടത്തിനാണ് തീയിട്ടത്. പൊലീസ് വർഷങ്ങളായി നടപടിയെടുക്കുന്നില്ലെന്നും തട്ടിയെടുത്ത ഭൂമി തിരിച്ചെടുക്കാനായി എന്തു ചെയ്യുമെന്നും ഒരു പ്രതിഷേധക്കാരൻ പറഞ്ഞു. പൊലീസ് എത്തി സംഘർഷസ്ഥിതി ശാന്തമാക്കി. ഡി.ജി.പി രാജീവ് കുമാറും സ്ഥലത്തെത്തിയിരുന്നു.
പരാതി നൽകിയാൽ നടപടിയെടുക്കുമെന്നും പൊലീസ് ക്യാമ്പ് സ്ഥാപിക്കുമെന്നും രാജീവ് കുമാർ പ്രതിഷേധക്കാർക്ക് ഉറപ്പുനൽകി. ആരും നിയമം കൈയിലെടുക്കരുതെന്ന് അദ്ദേഹം അഭ്യർഥിച്ചു. പിടിച്ചെടുത്ത ഭൂമി ഗ്രാമീണർക്ക് തിരിച്ചുനൽകാൻ നടപടി തുടങ്ങിയതായും ഡി.ജി.പി കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം സന്ദേശ്ഖലിയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഡി.ജി.പി ചർച്ച നടത്തിയിരുന്നു. അതിനിടെ, തെരഞ്ഞെടുപ്പിന് മുമ്പ് സന്ദേശ്ഖലിയിലെ സംഭവങ്ങളിൽ പരമാവധി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. പ്രദേശത്ത് സന്ദർശനം നടത്തിയ ബി.ജെ.പി സംഘത്തെ പൊലീസ് തടഞ്ഞു. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതാക്കളെ തടഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം സന്ദേശ്ഖലി സന്ദർശിക്കാനൊരുങ്ങുകയാണ്.
ഷാജഹാൻ ഷെയ്ഖിന്റെ കൂട്ടാളികളുടെ വീടുകളിൽ ഇ.ഡി റെയ്ഡ്
കൊൽക്കത്ത: ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ കൂട്ടാളികളായ വ്യവസായികളുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) റെയ്ഡ്. ഹൗറ, ബിജോയ്ഗഡ്, ബിരാറ്റി തുടങ്ങിയ നഗരങ്ങളിലെ അഞ്ചിടങ്ങളിലായിരുന്നു റെയ്ഡ്. മത്സ്യക്കച്ചവടത്തിൽ ഷാജഹാൻ ഷെയ്ഖിന്റെ പങ്കാളികളുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. ജനുവരി അഞ്ചിന് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിലെ പരിശോധനക്കെത്തിയ ഇ.ഡി സംഘത്തെ തൃണമൂൽ പ്രവർത്തകർ തടഞ്ഞിരുന്നു. ഈ സംഭവത്തിനുശേഷം ഷാജഹാൻ ഷെയ്ഖ് ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.