വിമാനങ്ങൾക്ക് പിന്നാലെ രാജ്യവ്യാപകമായി സി.ആർ.പി.എഫ് സ്കൂളുകൾക്കും ബോംബ് ഭീഷണി
text_fieldsന്യൂഡൽഹി: വിമാനങ്ങൾക്ക് നിരന്തരം ബോംബ് ഭീഷണികൾ ലഭിക്കുന്നതിന് പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളിലെ സി.ആർ.പി.എഫ് സ്കൂളുകൾക്കും ബോംബ് ഭീഷണി. ഇതേത്തുടർന്ന് സ്കൂളുകളിൽ സുരക്ഷാ പരിശോധന നടത്തി. സംശയകരമായി ഒന്നും കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശങ്ങളെത്തിയത്.
ഡൽഹിയിൽ രോഹിണിയിലെയും ദ്വാരകയിലെയും സി.ആർ.പി.എഫ് സ്കൂളുകൾക്ക് ഇന്നലെ രാത്രിയാണ് ഇ-മെയിലിലൂടെ ഭീഷണി സന്ദേശം എത്തിയത്. സ്കൂളുകൾ ബോംബ് വെച്ച് തകർക്കുമെന്നായിരുന്നു ഭീഷണി. ഇവിടങ്ങളിൽ നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല. അതേസമയം, സ്കൂളുകളുടെ പരിസരത്ത് സുരക്ഷ ശക്തമാക്കി.
രാജ്യത്തുടനീളം സി.ആർ.പി.എഫ് സ്കൂളുകൾക്ക് ഭീഷണി ലഭിച്ചെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പരിശോധനയിൽ ഇവ വ്യാജമാണെന്നാണ് തെളിഞ്ഞത്.
ഡൽഹി രോഹിണിയിലെ സി.ആർ.പി.എഫ് സ്കൂളിന് സമീപം ഞായറാഴ്ച രാവിലെ ശക്തമായ സ്ഫോടനമുണ്ടായ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പുലർത്തുകയാണ്. നിരവധി കടകൾക്കും വാഹനങ്ങൾക്കും സ്ഫോടനത്തിൽ കേടുപാട് സംഭവിച്ചിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. സ്ഫോടനം എൻ.ഐ.എയും സി.ആർ.പി.എഫും എൻ.എസ്.ജിയും അന്വേഷിക്കുകയാണ്. ഖലിസ്ഥാൻ വിഘടനവാദി സംഘടനകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നിൽ തങ്ങളാണെന്ന് അവകാശപ്പെട്ട് ടെലഗ്രാമിൽ ഖലിസ്ഥാൻ സംഘടനയുടെ പേരിൽ പോസ്റ്റ് പ്രചരിച്ചിരുന്നു.
ഖലിസ്ഥാൻ അനുകൂല സംഘടനയായ ജസ്റ്റിസ് ലീഗ് ഇന്ത്യയുടെ പേരിലാണ് ടെലഗ്രാം പോസ്റ്റ് പ്രചരിച്ചത്. ഇതിൽ, സ്ഫോടന ദൃശ്യത്തിന്റെ സ്ക്രീൻഷോട്ടിന് താഴെ ‘ഖലിസ്ഥാൻ സിന്ദാബാദ്’ എന്നും എഴുതിയിട്ടുണ്ട്. ‘ഭീരുക്കളായ ഇന്ത്യൻ ഏജൻസിയും അവരുടെ യജമാനനും ചേർന്ന് ഗുണ്ടകളെ വാടകക്കെടുത്ത് ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ അംഗങ്ങളെ ലക്ഷ്യം വെക്കുന്നവർ വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നത്. ഞങ്ങൾ എത്രത്തോളം അടുത്താണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചടിക്കാൻ പ്രാപ്തരാണെന്നുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്' – പോസ്റ്റിൽ പറയുന്നു.
വിമാനങ്ങൾക്ക് നിരന്തരം ബോംബ് ഭീഷണികൾ വരുന്നതിനിടെയാണ് സ്കൂളുകൾക്കും ഭീഷണി സന്ദേശങ്ങൾ. ഒക്ടോബർ 14ന് ശേഷം നൂറിലേറെ ബോംബ് ഭീഷണികളാണ് ഇന്ത്യൻ വിമാനങ്ങൾക്കുണ്ടായത്. തിങ്കളാഴ്ച മാത്രം 30 വിമാനങ്ങൾക്ക് ബോംബ് വെച്ചതായി ഭീഷണി സന്ദേശം ലഭിച്ചു. എയർ ഇന്ത്യ, വിസ്താര, ഇൻഡിഗോ വിമാനങ്ങൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഞായറാഴ്ച 25 വിമാനങ്ങൾക്ക് ബോംബ് ഭീഷണിയുണ്ടായിരുന്നു.
വിമാനങ്ങൾക്ക് നിരന്തരം ബോംബ് ഭീഷണിയുണ്ടാകുന്ന പശ്ചാത്തലത്തിൽ കർശന നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യുന്നത് പരിഗണനയിലാണെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു ഇന്നലെ വ്യക്തമാക്കിയിരുന്നു. വ്യാജ ബോംബ് ഭീഷണി ഉയർത്തുന്നവർക്ക് ആജീവനാന്ത വിമാനയാത്ര വിലക്ക് ഏർപ്പെടുത്തുന്നതരത്തിൽ വ്യോമയാന സുരക്ഷ നിയമത്തിൽ ഭേദഗതി വരുത്താനാണ് ഉദ്ദേശിക്കുന്നത്.
അതിനിടെ, നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യ വിമാനത്തിൽ പറക്കരുതെന്ന് യാത്രക്കാർക്ക് ഭീഷണിയുമായി ഖാലിസ്ഥാനി ഭീകരൻ ഗുർപട് വന്ത് സിങ് പന്നു ഇന്നലെ രംഗത്തെത്തിയിരുന്നു. ഈ കാലയളവിൽ എയർ ഇന്ത്യയെ ആക്രമിക്കുമെന്നാണ് പന്നുവിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാന ഭീഷണി ഉയർത്തിയിരുന്നു. ‘സിഖ് വംശഹത്യയുടെ 40 ആം വാർഷിക’ത്തിൽ ഒരു എയർ ഇന്ത്യ വിമാനത്തിൽ ആക്രമണം ഉണ്ടായേക്കാമെന്നും ഗുർപട് വന്ത് സിങ് പന്നു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.