മണിപ്പൂരിൽ ബോംബിടാൻ ഹൈടെക് ഡ്രോണുകളും; മെയ്തേയ് ഭൂരിപക്ഷ മേഖലയിൽ ആക്രമണം, കൊല്ലപ്പെട്ടത് രണ്ടുപേർ
text_fieldsഇംഫാൽ: മണിപ്പൂരിൽ ആക്രമണത്തിന് അത്യാധുനിക ഡ്രോണുകളും ഉപയോഗിക്കുന്നതായി റിപ്പോർട്ടുകൾ. ഡ്രോണുകൾ ഉപയോഗിച്ച് ഗ്രാമങ്ങളിൽ ബോംബെറിയുകയാണ്. ഞായറാഴ്ച മെയ്തേയ് ഭൂരിപക്ഷ മേഖലയിലുണ്ടായ ബോംബേറിലും വെടിവെപ്പിലും രണ്ടുപേരാണ് കൊല്ലപ്പെട്ടത്.
നങ്ബാം സുർബാല ദേവി (31) എന്ന സ്ത്രീയും മറ്റൊരാളുമാണ് മെയ്തേയ് ആധിപത്യമുള്ള ഇംഫാൽ വെസ്റ്റ് ജില്ലയിലെ കുട്രുക്, കടങ്ബന്ദ് ഗ്രാമങ്ങളിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട രണ്ടാമത്തയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഡ്രോണുകളും ബോംബുകളും നിരവധി അത്യാധുനിക ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം.
ഞായറാഴ്ച ഉച്ചക്ക് 2.30നാണ് അപ്രതീക്ഷിത ആക്രമണമുണ്ടാകുന്നത്. മണിപ്പൂർ റൈഫിൾസിലെയും ഇന്ത്യൻ റിസർവ് ബറ്റാലിയനിലെയും ഉദ്യോഗസ്ഥർ തിരിച്ചടിക്കുന്നത് വരെ ആക്രമണം തുടർന്നു.
തലയ്ക്ക് വെടിയേറ്റാണ് 31-കാരിയായ നഗാങ്‌ബാം സുർബാല എന്ന സ്ത്രീ കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സംസ്ഥാന തലസ്ഥാനമായ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
കൊല്ലപ്പെട്ട സ്ത്രീയുടെ എട്ടുവയസ്സുള്ള മകൾക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. അക്രമം റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രാദേശിക വാർത്താ ചാനലായ ഇംപാക്ട് ന്യൂസിലെ മാധ്യമപ്രവർത്തകൻ ഇലംഗ്ബാം മുഷുകിന് പരിക്കേറ്റു. ഗ്രാമവാസികളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതായും മേഖലയിൽ സേനയെ വിന്യസിച്ചതായും അധികൃതർ പറഞ്ഞു.
ഏപ്രിലിൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഗോത്രവർഗക്കാരായ കുക്കി വിഭാഗക്കാരും മെയ്തേയ്കളും തമ്മിലുള്ള അവസാന വെടിവെപ്പ് നടന്നത്. കമ്മ്യൂണിറ്റിക്ക് പ്രത്യേക ഭരണം വേണമെന്ന് ആവശ്യപ്പെട്ട് കുക്കി വിഭാഗം ചില മലയോര ജില്ലകളിൽ റാലികൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് കൗട്രുക്, കടംഗ്ബന്ദ് ഗ്രാമങ്ങൾക്കു നേരെ ആക്രമണം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.