ഗുരുഗ്രാമിലെ ജുമുഅ തടയൽ: ഹരജി അടിയന്തരമായി പരിഗണിക്കാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ ജുമുഅ തടസ്സപ്പെടുത്തിയ സംഭവങ്ങളിൽ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെടുന്ന ഹരജി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് അടിയന്തരമായി പരിഗണിക്കും. ജഡ്ജിമാരായ എ.എസ്. ബൊപ്പണ്ണ, ഹിമ കോഹ്ലി എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങൾ.
രാജ്യസഭ മുൻ എം.പി മുഹമ്മദ് അദീബ് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിങ് മുഖേനയാണ് ഹരജി നൽകിയത്. വിദ്വേഷ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ട് 2018ൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിലെ നിർദേശങ്ങൾ ഹരജിയിൽ ചൂണ്ടിക്കാട്ടി.
മാധ്യമ വാർത്തകളെ അടിസ്ഥാനമാക്കിയല്ല ഞങ്ങൾ കോടതിയെ സമീപിക്കുന്നതെന്നും ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് പരമോന്നത കോടതിതന്നെ നേരത്തേ ഉണർത്തിയിട്ടുണ്ടെന്നും ഇന്ദിര ജയ്സിങ് പറഞ്ഞു.
ഇതിനു മറുപടിയായാണ് കേസ് അടിയന്തരമായി കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി. രമണ പറഞ്ഞത്. ഗുരുഗ്രാമിൽ പ്രത്യേകം അനുവദിച്ച പൊതുസ്ഥലത്ത് ജുമുഅ നിർവഹിക്കുന്നത് ഒരു വിഭാഗം ആളുകൾ അടുത്തിടെ പലവട്ടം തടസ്സപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഡി.ജി.പി, ഹരിയാന ചീഫ് സെക്രട്ടറി എന്നിവർക്കെതിരെ നടപടി വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.