കോക്പിറ്റിൽ വനിത സുഹൃത്ത്: എയർ ഇന്ത്യ സി.ഇ.ഒക്ക് കാരണം കാണിക്കൽ നോട്ടീസ്
text_fieldsമുംബൈ: എയർ ഇന്ത്യയുടെ ദുബൈ-ഡൽഹി വിമാനത്തിലെ കോക്പിറ്റിൽ വനിത സുഹൃത്തിനെ ഇരുത്തിയ സംഭവം ഔദ്യോഗികമായി അറിയിക്കുന്നതിൽ വീഴ്ചവരുത്തിയ എയർ ഇന്ത്യ സി.ഇ.ഒ കാംപൽ വിൽസണ് ഡി.ജി.സി.എയുടെ (ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ) കാരണം കാണിക്കൽ നോട്ടീസ്. എയർ ഇന്ത്യയുടെ സുരക്ഷ, ഗുണനിലവാര പ്രവർത്തനങ്ങളുടെ തലവൻ ഹെന്റി ഡോണാഹോയെക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരി 27നായിരുന്നു വനിത സുഹൃത്തിനെ പൈലറ്റ് കോക്പിറ്റിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിമാനജീവനക്കാരിലൊരാൾ ഡി.ജി.സി.എക്ക് പരാതി നൽകുകയായിരുന്നു. സുരക്ഷ നിർദേശങ്ങളുടെ ലംഘനമായ ഈ സംഭവം കൃത്യസമയത്ത് അറിയിക്കാത്തതിനാണ് ഏപ്രിൽ 21ന് സി.ഇ.ഒക്കും സുരക്ഷ വിഭാഗം ഉദ്യോഗസ്ഥനും കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ഇതുസംബന്ധിച്ച അന്വേഷണവും വൈകിയതായി ഡി.ജി.സി.എ ചൂണ്ടിക്കാട്ടുന്നു. ഇരു ഉദ്യോഗസ്ഥരും 15 ദിവസത്തിനകം മറുപടി നൽകണം. നോട്ടീസ് അയച്ച സംഭവത്തിൽ എയർ ഇന്ത്യയുടെ പ്രതികരണം ലഭ്യമായിട്ടില്ല.
ഫെബ്രുവരി 27ന് നടന്ന സംഭവത്തെക്കുറിച്ച് മാർച്ച് മൂന്നിനാണ് എയർ ഇന്ത്യ അധികൃതർക്ക് വിവരം ലഭിച്ചതെന്നാണ് സൂചന. ഏപ്രിൽ 21ന് ഡി.ജി.സി.എ ആദ്യ അന്വേഷണം നടത്തി. അതുവരെ എയർ ഇന്ത്യ അനങ്ങിയില്ലെന്നാണ് ആക്ഷേപം. വിമാനത്തിലെ മുഴുവൻ ജീവനക്കാരെയും അന്വേഷണം തീരുന്നതുവരെ മാറ്റിനിർത്താൻ എയർ ഇന്ത്യക്ക് നിർദേശം നൽകിയിരുന്നു. സംഭവത്തിന്റെ ഗുരുതരാവസ്ഥ ഉൾക്കൊണ്ട് അന്വേഷണം നടക്കുന്നതായി എയർ ഇന്ത്യ അറിയിച്ചിരുന്നു. അനധികൃതമായി കോക്പിറ്റിൽ കയറുന്നത് ചട്ടലംഘനമാണ്. വിമാനത്തിൽ സഹയാത്രക്കാരുടെ ശരീരത്തിൽ മൂത്രമൊഴിച്ചതുമായി ബന്ധപ്പെട്ട് ഈ വർഷം രണ്ടു സംഭവങ്ങളിലായി 40 ലക്ഷം രൂപ എയർ ഇന്ത്യ പിഴയടച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.