ഡേറ്റിങ് ആപ് വഴി സൗഹൃദം; 700 ഓളം സ്ത്രീകളുടെ പണം തട്ടിയ യുവാവ് അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഡേറ്റിങ് ആപ്പുകൾ വഴി സൗഹൃദം സ്ഥാപിച്ച് 700 ഓളം സ്ത്രീകളിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ. കിഴക്കൻ ഡൽഹിയിലെ ഷകാർപൂർ സ്വദേശിയായ തുഷാർ ബിഷ്താണ് (23) പിടിയിലായത്. അമേരിക്കൻ സ്വദേശിയായ മോഡലാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ യുവതികളെ വലയിലാക്കിയത്. മൊബൈൽ ആപ്പുവഴി കരസ്ഥമാക്കിയ വെർച്വൽ നമ്പർ ഉപയോഗിച്ച് ഡേറ്റിങ് ആപ്പുകളിൽ വ്യാജ പ്രൊഫൈൽ തയാറാക്കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ബ്രസീലിയൻ മോഡലുകളുടെ ചിത്രമാണ് അക്കൗണ്ടുകളിൽ ഇയാൾ ഉപയോഗിച്ചിരുന്നത്. സ്നാപ്ചാറ്റ്, ബംബിൾ, വാട്സ്ആപ് എന്നിവ വഴിയാണ് ഇരകളെ കണ്ടെത്തിയിരുന്നത്.
സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചശേഷം സ്വകാര്യ ചിത്രങ്ങളും വിഡിയോയും കൈക്കലാക്കും. തുടർന്ന് ഇവ ഓൺലൈനിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. 18നും 30നും ഇടയിലുള്ളവരാണ് തട്ടിപ്പിനിരയായവരിൽ ഏറെയും.
ഡിസംബർ 13ന് ഡൽഹി സർവകലാശാല വിദ്യാർഥിനി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തിൽ ഇയാൾ തട്ടിപ്പിനിരയാക്കിയ 700ഓളം സ്ത്രീകളുടെ വിവരങ്ങൾ കണ്ടെത്തി. ഇയാളുടെ മെബൈലിൽ നിന്നും സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പണമിടപാടുകളുടെ വിവരങ്ങളും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
13 ക്രെഡിറ്റ് കാർഡുകളും കണ്ടെടുത്തു. ഷകർപൂരിലെ ഇടത്തരം കുടുംബത്തിൽ നിന്നുള്ളയാളാണ് പ്രതി. ബി.ബി.എ ബിരുദധാരിയായ ഇയാൾ മൂന്നുവർഷമായി നോയിഡ ആസ്ഥാനമായുള്ള സ്വകാര്യ സ്ഥാപനത്തിൽ ടെക്‌നിക്കൽ റിക്രൂട്ടറായി ജോലി ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.