ജോജുവിന്‍റെ വരവ് കണ്ട് ഭയന്നുപോയി -ദീപ്തി മേരി വർഗീസ്
text_fieldsകോൺഗ്രസും നടൻ ജോജു ജോർജും തമ്മിൽ നടന്ന വാഗ്വാദങ്ങൾക്ക് ഇനിയും ശമനമായില്ല.ഇന്ധന വിലവർധനക്കെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധ പരിപാടിക്കിടെ വഴി തടഞ്ഞതാരോപിച്ച് നടൻ ജോജു ജോർജ് നടത്തിയത് ഫ്രസ്ട്രേഷൻ തീർക്കലായിരുന്നു എന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. പരിപാടിക്കിടെ ജോജു തീർത്തത് ഫ്രസ്ട്രേഷൻ ആണെന്നും കളത്തിലിറങ്ങി കളിക്കുന്നത് സി.പി.എം ആണെന്നും ജോജുവിനെതിരെ മദ്യപാനം ആരോപിച്ചത് പൊലീസ് ആണെന്നും അവർ പറഞ്ഞു.
തികച്ചും 'ജെനുവിൻ' ആയ ഒരു ആവശ്യത്തിനു വേണ്ടിയായിരുന്നു കോൺഗ്രസ് സമരം. എല്ലാ ജനങ്ങളും ഇന്ധന വിലവർധനക്കെതിരെ സമരം ആഗ്രഹിച്ചിരുന്നു. അങ്ങനെയുള്ള ഒരു വിഷയത്തിൽ സമരം നടക്കുമ്പോൾ കലാകാരൻ എന്ന നിലക്ക് ജോജു അതിന് പിന്തുണ നൽകുകയാണ് വേണ്ടിയിരുന്നത്.
ജോജു പറഞ്ഞു പ്രചരിപ്പിക്കുന്നതു പോലെ ആശുപത്രിയിൽ പോകേണ്ടവർ ഉണ്ടായിരുന്നില്ല. നാലുവരിപ്പാതയിലെ ഒറ്റവരിയിൽ മുൻകൂട്ടി അറിയിച്ചാണ് സമരം നടത്തിയത്. പൊലീസിനെയും അറിയിച്ചിരുന്നു. ഒരു ജനാധിപത്യ സമരം നടക്കുന്നതിനിടിയിൽ വന്ന് സ്ത്രീകളെ അസഭ്യം പറഞ്ഞു എന്നാണ് ഇവിടെയുള്ള പ്രശ്നം.
അത് ശരിയായില്ല എന്നാണ് ഞങ്ങൾ പറഞ്ഞത്. അത്രയും പ്രധാനപ്പെട്ട ഒരു ആവശ്യത്തിനായി നടത്തിയ സമരം ജോജുവിലേക്ക് മാത്രം ചുരുക്കുന്നതും ശരിയല്ല -ദീപ്തി പറയുന്നു. കോൺഗ്രസ് നേതാക്കൾ കാർ തല്ലിത്തകർത്തു എന്നാണ് പറയുന്നത്. ദൃശ്യങ്ങൾ കണ്ടാൽ അത് വ്യക്തമാകും. ജോജുവിന്‍റെ വരവ് കണ്ട് ഭയന്നുപോയി.
അയാൾ ആക്രോശിച്ചുകൊണ്ട് ചീത്തയും പറഞ്ഞാണു വന്നത്. അവിടെ നിന്ന ഒരു പൊലീസുകാരനാണ് പറഞ്ഞത് 'ഇതെന്താണ് ഇയാൾ കള്ളുകുടിച്ചിട്ടാണോ വരുന്നത്' എന്ന്.
അങ്ങനെയൊരു സംസാരം അവിടെ പരക്കെ ഉണ്ടായിരുന്നു. ജോജു അത്തരത്തിൽ അബ്നോർമൽ ആയാണു പെരുമാറിയത്. അതുകൊണ്ടാണ് മദ്യപിച്ചിരുന്നു എന്ന് എല്ലാവരും ധരിച്ചത്. ഡി.സി.സി പ്രസിഡന്‍റ് ഷിയാസാണ് പറഞ്ഞത് മദ്യപിച്ചിട്ടുണ്ടെങ്കിൽ പരിശോധിച്ചിേട്ട വിടാവൂ എന്ന്. മദ്യമല്ല, മറ്റെന്തോ ലഹരിയാണ് ഉപയോഗിച്ചതെന്ന് പിന്നീട് പറയുന്നത് കേട്ടു. അതിന്‍റെ സത്യാവസ്ഥ തനിക്ക് അറിയില്ലെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.