കർണാടക പത്താം ക്ലാസ് പാഠപുസ്തകങ്ങളിൽനിന്ന് ശ്രീനാരായണ ഗുരുവിന്റെ പാഠഭാഗം ഒഴിവാക്കി
text_fieldsബംഗളൂരു: ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസംഗം പത്താം ക്ലാസ് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിവാദത്തിലായ കർണാടക വിദ്യാഭ്യാസ വകുപ്പ് സാമൂഹിക പരിഷ്കർത്താക്കളായ ശ്രീനാരായണഗുരുവിനെയും പെരിയാറിനെയും കുറിച്ച പാഠഭാഗങ്ങൾ ഒഴിവാക്കി. കർണാടക പാഠപുസ്തക സൊസൈറ്റിയുടെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്ത സാമൂഹിക ശാസ്ത്രം ഒന്നാം ഭാഗത്തിലാണ് വിവാദ കൈകടത്തൽ. കഴിഞ്ഞ വർഷത്തെ പാഠപുസ്തകത്തിൽ 'സാമൂഹികവും മതപരവുമായി നവോത്ഥാന പ്രസ്ഥാനങ്ങൾ' എന്ന അഞ്ചാം പാഠത്തിൽ മറ്റു സാമൂഹിക പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും കുറിച്ച ഭാഗങ്ങളും ഉൾപ്പെടുത്തിയിരുന്നു.
എന്നാൽ, പരിഷ്കരിച്ച പതിപ്പിൽ തഴഞ്ഞു. രാജാറാം മോഹൻ റോയിയുടെ ബ്രഹ്മ സമാജം, സ്വാമി ദയാനന്ദ സരസ്വതിയുടെ ആര്യ സമാജം, ആത്മാറാം പാണ്ഡുരംഗയുടെ പ്രാർഥന സമാജം, ജ്യോതിബ ഫൂലെയുടെ സത്യശോധക് സമാജം, സർ സയ്യിദ് അഹ്മദ് ഖാന്റെ അലീഗഢ് പ്രസ്ഥാനം, രാമകൃഷ്ണ പരമഹംസരുടെയും സ്വാമി വിവേകാനന്ദന്റെയും രാമകൃഷ്ണ മിഷൻ, ആനിബസന്റിന്റെ തിയോസഫിക്കൽ സൊസൈറ്റി തുടങ്ങിയവയെ കുറിച്ച് മാത്രമാണ് പാഠപുസ്തകത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങളെ കുറിച്ചുള്ള ഭാഗത്ത് പ്രതിപാദിക്കുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിന പരേഡിൽനിന്ന് നാരായണ ഗുരുവുമായി ബന്ധപ്പെട്ട നിശ്ചല ദൃശ്യം കർണാടകയിലെ ബി.ജെ.പി സർക്കാർ ഒഴിവാക്കിയതും വിവാദമായിരുന്നു. നാരായണ ഗുരുവിനെ കുറിച്ച പാഠഭാഗം ഏഴാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തിന്റെ രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് പാഠപുസ്തക റിവ്യൂ കമ്മിറ്റി ചെയർമാൻ രോഹിത് ചക്രതീർഥയുടെ വിശദീകരണം. എന്നാൽ, പെരിയാറിനെ കുറിച്ച ഭാഗങ്ങൾ പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കിയത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല.
പാഠപുസ്തക പുനർനിർണയത്തിൽ കന്നഡയിലെ പല പുരോഗമന എഴുത്തുകാരുടെയും രചനകൾ മനഃപൂർവം ഒഴിവാക്കിയെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ബി.ടി. ലളിത നായ്ക്, അരവിന്ദ മലഗാട്ടി, കെ. നീല, എൽ. ബസവരാജു തുടങ്ങിയവരുടെ രചനകളാണ് ഏഴ്, എട്ട് ക്ലാസുകളിലെ കന്നഡ ഒന്നാം ഭാഷ പുസ്തകത്തിൽനിന്ന് മാറ്റിയത്. അതേസമയം, ഹിന്ദുത്വ ആശയത്തിന്റെ പിന്തുണക്കാരനായ എസ്.എൽ. ഭൈരപ്പയുടെ രചന ഉൾപ്പെടുത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.