ഗുലാംനബി: വിശ്വസ്തനിൽനിന്ന് വിമതനിലേക്ക്
text_fieldsന്യൂഡൽഹി: മുതിർന്ന നേതാവ് ഗുലാംനബി ആസാദ് കോൺഗ്രസിൽനിന്ന് പടിയിറങ്ങുമ്പോൾ ബാക്കിയാവുന്നത് നീണ്ട ചരിത്രം. 1949ൽ ജമ്മു-കശ്മീരിൽ ജനിച്ച ഗുലാംനബി ആസാദ് 50 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ രണ്ട് തവണ ലോക്സഭാംഗവും അഞ്ചു തവണ രാജ്യസഭാംഗവുമായി. രണ്ടുവട്ടം ജമ്മു-കശ്മീർ നിയമസഭാംഗമാവുകയും 2006ൽ മുഖ്യമന്ത്രിയാവുകയും ചെയ്തു. പാർട്ടി ജനറൽ സെക്രട്ടറിയായും പ്രവർത്തക സമിതി അംഗമായും പ്രവർത്തിച്ചു.
1982 മുതൽ കോൺഗ്രസ് നയിച്ച എല്ലാ കേന്ദ്രമന്ത്രിസഭയിലും അദ്ദേഹം അംഗമായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിയിൽ പ്രശ്നങ്ങളുണ്ടായപ്പോഴും സഖ്യങ്ങൾ രൂപപ്പെടുത്തി ഭരണത്തിലേറാനും വിള്ളൽ പരിഹരിക്കാനും ഗുലാംനബി ആസാദിന്റെ നയതന്ത്ര മികവ് പാർട്ടിക്ക് തുണയായിട്ടുണ്ട്.
നെഹ്റു കുടുംബത്തിന്റെ വിശ്വസ്തനും വിധേയനുമായ നേതാവ് എന്ന നിലയിൽനിന്ന് വിമതനിലേക്ക് അദ്ദേഹം മാറുന്നത് രണ്ടു വർഷം മുമ്പാണ്. അടുത്തിടെ ജമ്മു-കശ്മീരിൽ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷനാക്കിയെങ്കിലും മണിക്കൂറുകൾക്കുള്ളിൽ രാജിവെച്ചു. രാജ്യസഭയിലെ യാത്രയയപ്പിൽ ആസാദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പരസ്പരം പുകഴ്ത്തിയതും പിന്നീട് ആസാദിന് പത്മവിഭൂഷൺ ബഹുമതി നൽകിയതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.