70 ജില്ലകളിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 150 ശതമാനം വർധന
text_fieldsന്യൂഡൽഹി: രാജ്യത്ത് വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. മാർച്ച് ഒന്നുമുതൽ 15 വരെ 16 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 150 ശതമാനം വർധനയുണ്ടായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പടിഞ്ഞാറൻ -ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കോവിഡിന്‍റെ രണ്ടാം കുതിെപ്പന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാേജഷ് ഭൂഷൺ പറഞ്ഞു.
പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഖഡ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഡൽഹി, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇൗ കുതിപ്പ്.
പഞ്ചാബിലെ രൂപ് നഗറിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ 215 ശതമാനം വർധനയാണുണ്ടായത്. ഹിമാചൽ പ്രദേശിലെ സിർമോറിൽ 367ശതമാനം, സോളൻ 267, ഉന 220 എന്നിങ്ങനെയാണ് കോവിഡ് ബാധിതരുടെ എണ്ണത്തിലെ വർധന. ഹരിയാനയിലെ യമുനാനഗറിൽ 300 ശതമാനവും കർണാലിൽ 245 ശതമാനവും ഫരീദാബാദിൽ 255 ശതമാനവും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രോഗബാധിതരുടെ എണ്ണം കുതിക്കുന്ന സംസ്ഥാനങ്ങളിൽ അർഹരായ എല്ലാവർക്കും വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിർദേശം നൽകിയതായി ഭൂഷൺ അറിയിച്ചു.
സജീവമായ കേസുകളിൽ 60 ശതമാനവും മഹാരാഷ്ട്രയിലാണെന്നും സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് 45 ശതമാനം വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന പോസിറ്റിവിറ്റി നിരക്കാണ് ആശങ്കപ്പെടുത്തുന്നത്. പരിശോധനകളുടെ എണ്ണം ഉയർത്തിയിട്ടില്ല. എന്നാൽ പോസിറ്റിവിറ്റി നിരക്ക് ഉയരുന്നുണ്ട്. അതിനാൽ പരിശോധനകളുടെ എണ്ണം ഉയർത്തണമെന്ന് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.